സംസ്ഥാനത്ത് കായികമേളകളില്‍ സുരക്ഷ ഉറപ്പുവരുത്തണം; ഇപി ജയരാജന്‍

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മേളകള്‍ക്ക് അനുമതി നല്‍കില്ലെന്നും മന്ത്രി അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കായികമേളകളില്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള മുന്‍കരുതലെടുക്കുമെന്ന് കായിക മന്ത്രി ഇപി ജയരാജന്‍. നിയമസഭയിലാണ് അദ്ദേഹം ഈ കാര്യം അവതരിപ്പിച്ചത്. പാലായില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മേളകള്‍ക്ക് അനുമതി നല്‍കില്ലെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ ജില്ലാ മീറ്റുകളില്‍ നിരീക്ഷകരെ നിയോഗിച്ചതായും ത്രോ ഇനങ്ങള്‍ ഒരുസമയത്ത് ഒരെണ്ണം എന്ന രീതിയില്‍ ക്രമീകരിക്കുമെന്നും കായിക മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ നാലിനാണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേലുകാവ് ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോര്‍ജ് ജോണ്‍സന്റെ മകനുമായ അഫീല്‍ ജോണ്‍സന്റെ തലയില്‍ ഹാമര്‍ വീണത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫീല്‍ ഈ മാസം 21നാണ് മരിച്ചത്.

Exit mobile version