കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയായി; ഒരു വര്‍ഷമായി ശമ്പളമില്ല, കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സയും മുടങ്ങി, മനംനൊന്ത് എച്ച്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി

37 വര്‍ഷമായി എച്ച്എന്‍എല്ലിലെ ജോലിക്കാരനായിരുന്നു അദ്ദേഹം.

വൈക്കം: എച്ച്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. വൈക്കം വെള്ളൂര്‍ എച്ച്എന്‍എല്ലിലെ പ്ലാന്റ് ഓപ്പറേറ്ററായ കാരിക്കോട് അരുണ്‍ നിവാസില്‍ ശിവദാസന്‍ നായരാണ് തൂങ്ങി മരിച്ചത്. ഒരുവര്‍ഷമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. കൂടാതെ കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സയും മുടങ്ങിയിരുന്നു. ഇതിലെല്ലാം മനംനൊന്താണ് ശിവദാസന്‍ തൂങ്ങി മരിച്ചത്.

37 വര്‍ഷമായി എച്ച്എന്‍എല്ലിലെ ജോലിക്കാരനായിരുന്നു അദ്ദേഹം. ഓഫീസ് ബോയ് ആയി ജോലി തുടങ്ങിയ ശിവദാസന്‍ നായര്‍ പിന്നീട് ഇങ്ക് പ്ലാന്റ് ഓപ്പറേറ്ററായി മാറുകയും ചെയ്തു. അരലക്ഷം രൂപയ്ക്കടുത്ത് ശമ്പളവും ശിവദാസന് ലഭിച്ചിരുന്നു. മെച്ചപ്പെട്ട ജീവിതം നയിച്ച ശിവദാസന് തിരിച്ചടിയായത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആയിരുന്നു. എച്ച്എന്‍എല്‍ സ്വകാര്യ വത്കരിക്കാനുള്ള തീരുമാനമാണ് ശിവദാസന്റെ കഷ്ടക്കാലത്തിന് വഴിവെച്ചത്.

നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒരുവര്‍ഷമായി ശിവദാസന്‍ നായര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ചില്ലിക്കാശ് ശമ്പളമായി നല്‍കിയിട്ടില്ല. ഇതോടെയാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. ഭാര്യയുടെ ചികിത്സ മുടങ്ങിയതോടെ ശിവദാസന്‍ മാനസികമായി തളരുകയായിരുന്നു. ഭാര്യയെ വീട്ടിലേക്ക് അയച്ച ശേഷമാണ് ശിവദാസന്‍ നായര്‍ വീടിന് മുന്നിലെ മാവില്‍ തൂങ്ങിമരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Exit mobile version