താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; റിമാന്റിലുള്ള പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും

മലപ്പുറം: മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്റിലുള്ള മൂന്ന് പ്രതികളേയും കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക. ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, നാലാം പ്രതി മഷ്ഹൂദ്, അഞ്ചാം പ്രതി താഹ എന്നിവരാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിലുള്ളത്.

പ്രതികളെ ചോദ്യം ചെയ്താല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. മൂന്ന് പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തണ്ടതും അടിസ്ഥാനമാണ്. അതേസമയം കേസിലെ ആറ് പ്രതികളെ കൂടി ഇനിയും പിടികൂടാന്‍ ഉണ്ട്. ഒളിവില്‍ കഴിയുന്ന ബാക്കിയുള്ള പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

വ്യാഴായ്ച്ച രാത്രിയാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാഖ് കൊല്ലപ്പെട്ടത്. വീടിന് തൊട്ടടുത്തുള്ള പള്ളിയില്‍ ജുമയ്ക്ക് പോകുന്നതിനിടെയാണ് നാലംഗ സംഘം ഇസ്ഹാഖിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ശബ്ദം കേട്ട് ഇസ്ഹാഖിന്റെ വീട്ടുകാര്‍ എത്തിയതോടെ അക്രമികള്‍ ഓടി രക്ഷപെട്ടു. ഉടന്‍ തന്നെ ഇസ്ഹാഖിനെ തിരൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version