സുരേന്ദ്രന്‍ ശബരിമലയിലെത്തിയത് അമ്മ മരിച്ച് ആറുമാസം തികയും മുന്‍പ്! ആ വരവ് ആചാരസംരക്ഷണം ആയിരുന്നില്ല, രാഷ്ട്രീയ നേട്ടമായിരുന്നുവെന്ന് മന്ത്രി കടകംപള്ളി

സുരേന്ദ്രന്റെ അമ്മ മരിച്ചത് 2018 ജൂലൈയിലാണ്.

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെത്തി അറസ്റ്റിലായ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതായുള്ള കെ. സുരേന്ദ്രന്റെ ആരോപണം പച്ചകള്ളമെന്ന് മന്ത്രി തുറന്നടിച്ചു. അമ്മ മരിച്ച് ആറു മാസം പോലും തികയുംമുന്‍പാണ് സുരേന്ദ്രന്‍ ശബരിമലയിലേക്ക് വന്നതെന്നും ആചാര സംരക്ഷണമല്ല, രാഷ്ട്രീയ നേട്ടമാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേന്ദ്രന്റെ അമ്മ മരിച്ചത് 2018 ജൂലൈയിലാണ്. വിശ്വാസികളായിട്ടുള്ള ആള്‍ക്കാര്‍ മരണം നടന്ന് പുല മാറി ഒരു വര്‍ഷത്തിന് ശേഷം മാത്രമേ വരാറുള്ളൂ. അമ്മ മരിച്ച് നാലു മാസം പോലും തികയും മുന്‍പാണ് സുരേന്ദ്രന്‍ ശബരിമലയില്‍ വന്നത്. കഴിഞ്ഞ മാസവും സന്നിധാനത്ത് വെച്ച് സുരേന്ദ്രനെ കണ്ടതാണ്. അപ്പോഴൊന്നും ആചാരം ഉണ്ടായിരുന്നില്ല. ഒരു വിശ്വാസവും ഉള്ളവരല്ല ഇവര്‍. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വര്‍ഗീയ പ്രചരണം നടത്തുക മാത്രമാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

സുരേന്ദ്രനെ മര്‍ദ്ദിച്ചതായും കുടിവെള്ളവും മരുന്നും കൊടുത്തില്ലെന്നുള്ള ആരോപണം മാധ്യമങ്ങളില്‍ കണ്ടു. അതനുസരിച്ച് ചിറ്റാര്‍ പോലീസ് സിഐയെ വിളിച്ചിരുന്നു. പോലീസ് സ്റ്റേഷനില്‍ സിസിടിവി കാമറ സ്ഥാപിച്ചിട്ടുണ്ടെന്നും കഴിഞ്ഞ രാത്രി എന്താണ് നടന്നതെന്ന് കാമറയില്‍ ഉണ്ടെന്നും സിഐ വ്യക്തമാക്കിയിട്ടുണ്ട്. സിഐയുടെ ഓഫീസിലായിരുന്നു കെ സുരേന്ദ്രനെ ഇരുത്തിയിരുന്നത്. കിടക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനുള്ള സൗകര്യം ഏര്‍പ്പാടാക്കിക്കൊടുത്തു. കുടിക്കാന്‍ ചൂടുവെള്ളം വേണമെന്ന് പറഞ്ഞപ്പോള്‍ അത് ഉണ്ടാക്കിക്കൊടുത്തു. മരുന്ന് കഴിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തു. ഇതെല്ലാം സിസിടിവി പരിശോധിച്ചാല്‍ വ്യക്തമാകാവുന്നതുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version