ആറാട്ടുപുഴയില്‍ വന്‍ കടലാക്രമണം; റോഡുകളില്‍ വെള്ളം കയറി, വീടുകള്‍ നശിച്ചു, വ്യാപക നാശനഷ്ടം

കാര്‍ത്തിക ജംങ്ഷന്‍ മുതല്‍ തെക്കോട്ട് കള്ളിക്കാട്, എകെജി നഗര്‍, നല്ലാണിക്കല്‍, വട്ടച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കടല്‍ക്ഷോഭം അനുഭവപ്പെട്ടത്

ആലപ്പുഴ: ഹരിപ്പാട് ആറാട്ടുപുഴയില്‍ വന്‍ കടല്‍ക്ഷോഭം. കാര്‍ത്തിക ജംങ്ഷന്‍ മുതല്‍ തെക്കോട്ട് കള്ളിക്കാട്, എകെജി നഗര്‍, നല്ലാണിക്കല്‍, വട്ടച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ 10-ാം വാര്‍ഡില്‍ സാധുപുരത്തില്‍ റാഫിയുടെ വീട് ഭാഗികമായി തകരുകയും വീടിന്റെ ശുചിമുറി പൂര്‍ണ്ണമായും തകരുകയും ചെയ്തു.

ജില്ലയില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് തീരദേശമേഖലയിലെ പടിഞ്ഞാറ് ഭാഗത്തുള്ള വീടുകളിലും കിഴക്കോട്ടുള്ള വീടുകളിലും കടല്‍വെള്ളം ഒഴുകിയെത്തി. കടലാക്രമണത്തെ തുടര്‍ന്ന് പല വീടുകളുടെയും മതില്‍ തകര്‍ന്ന വീഴുകയും മരങ്ങള്‍ ഒടിഞ്ഞ് വീഴുകയും ചെയ്തു. ആറാട്ടുപുഴയിലും, വട്ടച്ചാലും ഇലക്ട്രിക് പോസ്റ്റുകള്‍ ചരിഞ്ഞു.

കടല്‍വെള്ളം ഒലിച്ചിറങ്ങിയതോടെ പ്രദേശത്തെ റോഡുകള്‍ തകര്‍ന്നു. ഇതോടെ റോഡിലും മറ്റും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ വെള്ളം കയറി നാശമായി. തീരദേശത്ത് നിര്‍ത്തിയിട്ടിരുന്ന മത്സ്യബന്ധനബോട്ടുകളില്‍ വെള്ളം കയറി ബോട്ടും വലയും എല്ലാം മണ്ണിനടിയിലായി.

പ്രദേശത്ത് കടല്‍വെള്ളം എത്തിയതോടെ ഒലിച്ചിറങ്ങിയ മണ്ണലും ജനങ്ങളെ വല്ലാതെ വലയ്ക്കുന്നുണ്ട്. റോഡുകളില്‍ എത്തിയ മണ്ണല്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ കാല്‍നട യാത്ര പോലും ദുരിതത്തിലാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Exit mobile version