കൂടത്തായി കൊലപാതകക്കേസ്; ജോളിയുടെ കാറില്‍ നിന്നും കണ്ടെത്തിയത് സയനൈഡ്

കൂടത്തായി: കൂടത്തായി കൊലപാതകക്കേസ്‌ വഴി തിരിവിലേക്ക്. ജോളിയുടെ കാറില്‍ നിന്നും പോലീസ് കണ്ടെത്തിയത് പൊടി മാരക വിഷമായ പൊട്ടാസ്യം സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നാണ് റിപ്പോര്‍ട്ട് വന്നത്.

കൊടുവള്ളി സിഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ജോളിയുടെ കാറില്‍ നിന്നും സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തത്. ഡ്രൈവര്‍ സീറ്റിനടുത്ത് രഹസ്യ അറയുണ്ടാക്കി, പല കവറുകളിലായി സൂക്ഷ്മതയോടെ സൂക്ഷിച്ച നിലയിലായിരുന്നു സയനൈഡ്.

സംഭവത്തില്‍ കാറില്‍ നിന്നും ലഭിച്ച മറ്റു വസ്തുക്കളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കാറിനുള്ളിലാണ് സയനൈഡ് വെച്ചതെന്ന് ജോളി നേരത്തേ മൊഴി നല്‍കിയിരുന്നു.

ജോളി നടത്തിയ കൊലപാതകങ്ങളില്‍ ഒന്ന് നടന്നത് കാറിനുള്ളിലാണ് എന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. നിലവില്‍ കാറിനുള്ളില്‍ നിന്ന് ലഭിച്ചത് സയനൈഡ് എന്ന് സ്ഥിരീകരിച്ചത് അന്വേഷണത്തില്‍ പോലീസിന് നിര്‍ണായകമായ തെളിവാകും.

Exit mobile version