‘ഞാന്‍ ഒരു കള്ളനല്ല, നിങ്ങള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യൂ’ സര്‍വേ ഓഫീസില്‍ പൂട്ട് പൊളിച്ച് അകത്ത് കയറി ഉപദേശ കത്ത് വെച്ച് അജ്ഞാതന്‍

ഷൊര്‍ണൂര്‍ റോഡിലുള്ള ഓഫീസിലാണ് സംഭവം.

തൃശ്ശൂര്‍: ‘ഞാന്‍ ഒരു കള്ളനല്ല. നിങ്ങള്‍ ആത്മാര്‍ഥമായി ജോലിചെയ്യൂ. നിങ്ങള്‍ ഇരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നവരാണ് നല്ല മനസ്സുള്ളവര്‍’ സര്‍വേ റേഞ്ച് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് കിട്ടിയ കുറുപ്പിലെ വാക്കുകളാണ് ഇത്. പൂട്ടുപൊളിച്ച് അകത്തുകയറി അജ്ഞാതന്‍ എഴുതിയ ഉപദേശ കുറിപ്പാണ് ഇത്.

ഷൊര്‍ണൂര്‍ റോഡിലുള്ള ഓഫീസിലാണ് സംഭവം. ഓഫീസിലെ പണമോ വസ്തുക്കളോ യാതൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഒരു രേഖ പോലും നഷ്ടമായിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം മാത്രമെ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരിയാണ് പൂട്ടുപൊളിച്ച് ആരോ അകത്തു കയറിയായി ആദ്യം മനസ്സിലാക്കിയത്. അലമാരകള്‍ എല്ലാം തുറന്നു പരിശോധിച്ച നിലയിലായിരുന്നു.

എല്ലാ അലമാരകളുടെയും താക്കോലുകള്‍ എടുത്ത് തറയില്‍ തുണി വിരിച്ച് അതില്‍ നിരത്തിയ നിലയിലാണ്. ഇതിനു സമീപത്താണ് ഉപദേശ കുറിപ്പ് വെച്ചിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തി. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് വെള്ളിയാഴ്ച കേസെടുക്കും.

Exit mobile version