വിളവെടുപ്പ് അടുത്ത് നില്‍ക്കെ കാട്ടാനക്കൂട്ടം തോട്ടത്തില്‍ കയറി മേഞ്ഞു, നശിപ്പിച്ചത് 1500ഓളം വാഴകള്‍; മനംനൊന്ത് കര്‍ഷകന്‍ കൃഷി വെട്ടിനശിപ്പിച്ചു

സമീപത്തെ നെല്ലിക്കുത്ത് വനത്തില്‍ നിന്ന് ആനക്കൂട്ടം കൃഷിയിടത്തില്‍ എത്തുന്നതിനാല്‍ രാത്രി കാവലിരുന്നാണ് ഹമീദ് തോട്ടം നോക്കിയിരുന്നത്.

മലപ്പുറം: മലപ്പുറം മുത്തേടത്ത് കാടിറങ്ങി വന്ന കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു. രണ്ട് രാത്രിയാണ് തുടരെ ആനയുടെ ശല്യമുണ്ടായത്. ഏകദേശം 1500ഓളം വാഴകളാണ് നാമവശേഷമായത്. ഇതില്‍ മനംനൊന്ത് കര്‍ഷകന്‍ കൃഷി മൊത്തമായും വെട്ടിനശിപ്പിച്ചു. മലപ്പുറം മൂത്തേടം നമ്പൂരിപ്പാട്ടിലെ കാഞ്ഞിരപ്പാറ ഹമീദിനാണ് ദുരനുഭവം ഉണ്ടായത്.

സമീപത്തെ നെല്ലിക്കുത്ത് വനത്തില്‍ നിന്ന് ആനക്കൂട്ടം കൃഷിയിടത്തില്‍ എത്തുന്നതിനാല്‍ രാത്രി കാവലിരുന്നാണ് ഹമീദ് തോട്ടം നോക്കിയിരുന്നത്. ഇതിനിടയിലാണ് ആനക്കൂട്ടം തോട്ടം നശിപ്പിച്ചത്. രണ്ടു മാസം കഴിഞ്ഞാല്‍ വിളവെടുപ്പിനായിരുന്ന മൈസൂര്‍, പൂവന്‍ വാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. ഈ മനോവിഷമത്തിലാണ് തോട്ടം മൊത്തമായും വെട്ടി നശിപ്പിച്ചത്.

ആനക്കൂട്ടത്തിന്റെ ആക്രമണത്തിനുശേഷം ഇരുനൂറോളം കുലകള്‍ മാത്രമാണ് അവശേഷിച്ചത്. ഇതും ആനക്കൂട്ടം നശിപ്പിക്കും. അതിനു മുന്‍പ് താന്‍ തന്നെ അതു അത് ചെയ്യുകയാണെന്ന് പറഞ്ഞാണ് ബാക്കിയുള്ള കുലകള്‍ ഹമീദ് വെട്ടിക്കളയുകയായിരുന്നു. ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് റബര്‍ മരങ്ങളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇതും ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.

Exit mobile version