സിപിഐ ഡിഐജി ഓഫീസ് മാര്‍ച്ച്; എല്‍ദോ എബ്രാഹം എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം

കഴിഞ്ഞ ജൂലൈ 23 നായിരുന്നു സിപിഐ നേതാക്കള്‍ ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

കൊച്ചി; കൊച്ചി ഡിഐജി ഓഫിസ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എല്‍ദോ എബ്രാഹം എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം. നേതാക്കളെ റിമാന്‍ഡ് ചെയ്യണമെന്ന പോലീസിന്റെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചില്ല. ജാമ്യം നല്‍കരുതെന്നും പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പോലീസ് കോടതിയില്‍ പറഞ്ഞെങ്കിലും വാദം കോടതി തള്ളുകയായിരുന്നു.

കൊച്ചി ഡിഐജി ഓഫിസ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ എല്‍ദോ എബ്രാഹം എംഎല്‍എ അടക്കം സിപിഐ നേതാക്കള്‍ ഇന്ന് കീഴടങ്ങിയിരുന്നു. എംഎല്‍എയെക്കൂടാതെ ജില്ലാ സെക്രട്ടറി പി രാജു, അസിസ്റ്റന്റ് സെക്രട്ടറി കെഎന്‍ സുഗതന്‍ എന്നിവരടക്കം പത്തുപേരാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ജൂലൈ 23 നായിരുന്നു സിപിഐ നേതാക്കള്‍ ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. എഐഎസ്എഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സംഘര്‍ഷഭരിതമാവുകയും എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു.

Exit mobile version