ഓണ്‍ലൈനില്‍ ഇപ്പോള്‍ നല്ല നാടന്‍ ഉമിക്കരിയും; വില ആറു രൂപ മുതല്‍ 70 രൂപ വരെ, ഫ്‌ളിപ്പ് കാര്‍ട്ടിലും ആമസോണിലും ലഭ്യം

ഫ്‌ളിപ്പ് കാര്‍ട്ടിലും ആമസോണിലും ഇപ്പോള്‍ ഉമിക്കരി ലഭ്യമാണ്.

കൊച്ചി: ഇന്ന് ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സിനെ ആശ്രയിക്കുന്നവരാണ് അധികവും. വസ്ത്രം മുതല്‍ ഇഷ്ട ഭക്ഷണം വരെ ഒറ്റ ക്ലിക്കില്‍ വീട്ടുപടിക്കലെത്തും. ഫ്‌ളിപ്പ് കാര്‍ട്ട്, ആമസോണ്‍ തുടങ്ങി ഒട്ടനവധി ഓണ്‍ലൈന്‍ ശൃംഖലകളാണുള്ളത്. ഇപ്പോള്‍ ഓണ്‍ലൈനില്‍ നല്ല നാടന്‍ ഉമിക്കരിയും ലഭ്യമായിരിക്കുകയാണ്. ആകര്‍ഷകമായ ബോട്ടിലുകളിലും പായ്ക്കറ്റുകളിലുമാണ് ഉമിക്കരി ലഭിക്കുന്നത്.

ഫ്‌ളിപ്പ് കാര്‍ട്ടിലും ആമസോണിലും ഇപ്പോള്‍ ഉമിക്കരി ലഭ്യമാണ്. നേരത്തെ മെഡിക്കല്‍ സ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഉമിക്കരി വില്‍പ്പനയ്ക്ക് എത്തിയിരുന്നു. ഇതിനു പുറമെ, സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും മാര്‍ജിന്‍ ഫ്രീ സ്റ്റോറുകളിലും ഉമിക്കരി വില്‍ക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ രംഗത്തും ഉമിക്കരി ലഭ്യമാവുന്നത്. കുറഞ്ഞ വിലയില്‍ വ്യത്യസ്ത ചേരുവകളടങ്ങിയ ഉമിക്കരി പായ്ക്കറ്റിലാക്കിയാണ് ലഭിക്കുന്നത്. ദന്തകാന്തി വര്‍ധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ടൂത്ത് പേസ്റ്റുകളെക്കാള്‍ ഉത്തമം ഉമിക്കരിയാണെന്നാണ് പറയുന്നത്.

ഓണ്‍ലൈനിലും ഓഫ് ലൈനിലും ആറു രൂപ മുതല്‍ 70 രൂപ വരെ വിലയുള്ള ഉമിക്കരി പായ്ക്കറ്റുകളാണ് ലഭിക്കുക. ഗ്രാംപു, കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്തുള്ള ശാന്തീസ് ഉമിക്കരി 30 മുതല്‍ 69 രൂപ വരെ വിലയുള്ള പായ്ക്കറ്റുകളും ലഭിക്കും. ഇതേ ചേരുവകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉമിക്കരി ടൂത്ത്‌പേസ്റ്റും പുറത്തിറക്കാന്‍ പദ്ധതിയുള്ളതായും ശാന്തീസ് ഉമിക്കരി സ്ഥാപകന്‍ സിജേഷ് പൊയ്യില്‍ പറയുന്നു.

ഗ്രാംപൂവും ഉപ്പും ചേര്‍ത്തുള്ള 20 രൂപ പായ്ക്കറ്റും ഗ്രാംപൂവും ഉപ്പും കുരുമുളകും ചേര്‍ത്തുള്ള 25 രൂപ പായ്ക്കറ്റുമാണ് ലീഫ് ആന്‍ഡ് റിലീഫ് വിപണിയിലെത്തിക്കുന്നത്. ഇന്ദുപ്പ് ചേര്‍ത്തുള്ള പത്ത് രൂപയുടെ ഉമിക്കരിയും കറുവപ്പട്ട, ഗ്രാംപു, കുരുമുളക്, ചുക്ക്, ഉപ്പ് എന്നിവ ചേര്‍ത്തുള്ള 25 രൂപയുടെ സ്‌പെഷ്യല്‍ ഉമിക്കരിയും അഗസ്ത്യമഠം വിതരണം ചെയ്യും.

Exit mobile version