ശബരിമലയില്‍ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യമില്ല; ഡിജിപി ദേവസ്വം ബോര്‍ഡിനെ അതൃപ്തി അറിയിച്ചു

ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതില്‍ ഡിജിപി അതൃപ്തി അറിയിച്ചു. എത്രയും വേഗം പോലീസുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളിലെ മണ്ഡല മകരവിളക്ക് സമയത്തേക്കാളും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ 15000 ത്തോളം പോലീസുകാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്ന് രണ്ടുപ്രാവശ്യം ചേര്‍ന്ന ഉന്നതതല സമിതിയില്‍ ഡിജിപി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ദേവസ്വം ബോര്‍ഡ് മെല്ലപ്പോക്ക് സമീപനം തുടരുന്നതിനാല്‍, പോലീസുകാര്‍ക്ക് കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ സമീപിച്ചതായും ഡിജിപി പറഞ്ഞു.

Exit mobile version