രാജ്യത്ത് ഏറ്റവുമധികം മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്നത് ഈ സംസ്ഥാനങ്ങളില്‍; ഞെട്ടിക്കുന്ന പഠനം

രാജ്യത്ത് 2018 മെയ് മുതല്‍ ഒക്ടോബര്‍ വരെ 1103 സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച പാലില്‍ നടത്തിയ പഠനത്തിലാണ് ഗുണമേന്മ കണ്ടെത്തിയത്

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്നത് തെലങ്കാന, മധ്യപ്രദേശ്, കേരളം എന്നിവടിങ്ങളിലെന്ന് കണ്ടെത്തി. ദേശീയ ഭക്ഷ്യ സുരക്ഷ ഗുണമേന്മ അതോററ്ററി (എഫ്എസ്എസ്എഐ) നടത്തിയ സര്‍വേയിലാണ് കണക്കുകള്‍ വ്യക്തമായത്. രാജ്യത്ത് 2018 മെയ് മുതല്‍ ഒക്ടോബര്‍ വരെ 1103 സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച പാലില്‍ നടത്തിയ പഠനത്തിലാണ് ഗുണമേന്മ കണ്ടെത്തിയത്.

6,432 സാംപിളുകളില്‍ നടത്തിയ പഠനത്തില്‍ 40.5 ശതമാനം മാത്രമാണ് സംസ്‌കരണം ചെയ്തത്. ബാക്കി സംസ്‌കരണം നടത്താത്ത പാലാണെന്ന് കണ്ടെത്തി. അതേസമയം ബ്രാന്റു പാലുകളടക്കം സംസ്‌കരിച്ച പാലില്‍ 37.7 ശതമാനം എഫ്എസ്എസ്എഐയുടെ ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പരാജയപ്പെട്ടുവെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തമിഴ്‌നാട്, കേരളം, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ സാംപിളില്‍ നിന്ന് അഫ്‌ലക്‌സടോക്‌സിന്‍-എം1ന്റെ സാന്നിധ്യം വന്‍ തോതില്‍ കണ്ടെത്തി. ഇത് മനുഷ്യ ശരീരത്തിലെ കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. അഫ്‌ലക്‌സടോക്‌സിന്‍-എം1 പാലില്‍ എത്തുന്നത് കന്നുകാലികള്‍ക്ക് നല്‍കുന്ന കാലിത്തീറ്റയില്‍ നിന്നാണെന്ന് സര്‍വേയില്‍ പറയുന്നു.

ഇത്രയും മാരകമായ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള അഫ്‌ലക്‌സടോക്‌സിന്‍-എം1 രാജ്യത്ത് ഇതുവരെ നിരോധിച്ചിട്ടില്ല. രാജ്യത്ത് പാല്‍ സുരക്ഷ സര്‍വേ നടത്തുന്നത് ആദ്യമായാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ 2020ന്റെ തുടക്കം മുതല്‍ ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഡയറി തലത്തില്‍ ഇടപെടന്‍ ഉണ്ടാകുമെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.

Exit mobile version