വീട്ടുമുറ്റത്ത് കാറിന്റെ ബോണറ്റിനകത്ത് പൂച്ചപെറ്റു; കുഞ്ഞുങ്ങളെ പിടിക്കാന്‍ എത്തിയ നായ്ക്കള്‍ കാര്‍ തകര്‍ത്തു, ഉടമയ്ക്ക് നഷ്ടപ്പെട്ടത് 7 ലക്ഷത്തിന്റെ പുതിയ കാര്‍

കാര്‍ കടിച്ചു കീറി നശിപ്പിച്ചപ്പോഴും പൂച്ചക്കുഞ്ഞുങ്ങളെ നായ്ക്കള്‍ക്ക് ലഭിച്ചിട്ടില്ല.

മലപ്പുറം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനകത്ത് പൂച്ചപെറ്റു. ഇതോടെ പൊന്നാനി തെയ്യങ്ങാട് ഉണ്ണിരാമന്‍ പറമ്പില്‍ വേലായുധന്റെ മകന്‍ വിജേഷ് ലാലിന് നഷ്ടപ്പെട്ടത് ഏഴ് ലക്ഷത്തിന്റെ പുതിയ കാര്‍ ആണ്. പൂച്ചക്കുഞ്ഞുങ്ങളെ പിടിക്കാന്‍ നായ്ക്കള്‍ എത്തിയതോടെയാണ് കാര്‍ നാമാവശേഷമായത്. പൂച്ചക്കുഞ്ഞുങ്ങളെ പിടിക്കാന്‍ നായ്ക്കള്‍ കയറിയപ്പോള്‍ കാര്‍ കടിച്ചു കീറി നശിപ്പിക്കുകയായിരുന്നു.

കാര്‍ കടിച്ചു കീറി നശിപ്പിച്ചപ്പോഴും പൂച്ചക്കുഞ്ഞുങ്ങളെ നായ്ക്കള്‍ക്ക് ലഭിച്ചിട്ടില്ല. ഇപ്പോഴും ബോണറ്റില്‍ പൂച്ച കുഞ്ഞുങ്ങള്‍ സുരക്ഷിതരാണ്. തമിഴ്‌നാട് ഈറോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിജേഷ് ലാല്‍ കാര്‍ വീട്ടില്‍ നിര്‍ത്തി ജോലിസ്ഥലത്തേയ്ക്ക് പോയതായിരുന്നു. ഈ സമയത്താണ് നായ്ക്കള്‍ കാര്‍ കടിച്ചു കീറിയത്. മുന്‍വശത്തെ ടയര്‍ കടിച്ച് കീറിയിട്ടിരിക്കുകയാണ്. നായ്ക്കള്‍ കാറിനടിയിലൂടെ കയറി ബോണറ്റിനകത്തെ വയറുകളും പൈപ്പുകളുമെല്ലാം കടിച്ച് മുറിച്ചിട്ടുണ്ട്.

മുന്‍ഭാഗത്ത് പെയിന്റിളകി വലിയ അടയാളങ്ങള്‍ വീണിരിക്കുകയാണ്. ഹെഡ്ലൈറ്റിലേക്കുള്ള കേബിളുകളും തകര്‍ന്നു. എല്ലാറ്റിനും പുറമെ കാറിനു ചുറ്റും മാന്തിയും കടിച്ചും അടയാളങ്ങള്‍ വീഴ്ത്തിയിട്ടുണ്ട്. കാര്‍ വര്‍ക് ഷോപ്പിലേക്ക് കൊണ്ടുപോകാന്‍ പോലും കഴിയാത്ത വിധം നശിപ്പിച്ചുവെന്ന് വിജേഷ് പറയുന്നു.

Exit mobile version