കടലക്കറിയില്‍ നിന്നും കിട്ടിയത് ഒച്ചിനെ; പഴകിയതും കാലപ്പഴക്കം ചെന്നതുമായ ഭക്ഷണങ്ങളും കണ്ടെടുത്തു; തലസ്ഥാനത്തെ ഹോട്ടലിന് പൂട്ട് വീണു

ഹോട്ടലില്‍ ആഹാരം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് പരിശോധനയില്‍ വ്യക്തമായി.

തിരുവനന്തപുരം: തലസ്ഥാനത്തെ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്ന് കിട്ടിയത് ഒച്ചിനെ. തിരുവനന്തപുരം സ്വദേശിനിക്കാണ് ഓര്‍ഡര്‍ ചെയ്ത കടലക്കറിയില്‍ നിന്ന് ഒച്ചിനെ കിട്ടിയത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഈ പരിശോധനയില്‍ പഴകിയതും കാലപ്പഴക്കം ചെന്നതുമായ ഭക്ഷണങ്ങളും കണ്ടെടുത്തു. ഇതോടെ ഹോട്ടല്‍ അടച്ചു പൂട്ടുകയും ചെയ്തു.

തിരുവനന്തപുരം വഴുതക്കാട് ശ്രീ ഐശ്വര്യ ഹോട്ടലില്‍ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ യുവതിക്കാണ് കടലക്കറിയില്‍ നിന്നും ഒച്ചിനെ കിട്ടിയത്. തുടര്‍ന്ന് ഹോട്ടല്‍ അധികൃതരെ അറിയിച്ചെങ്കിലും കക്കയാണെന്നായിരുന്നു മറുപടി. സസ്യാഹാരം മാത്രം വിളമ്പുന്ന ഹോട്ടലില്‍ കക്കവിളമ്പിയതിനെ കുറിച്ചുള്ള ന്യായീകരണം വിശ്വസിക്കാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം ഒച്ച് തന്നെയാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഹോട്ടലില്‍ ആഹാരം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് ഹോട്ടല്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. തൊഴിലാളികള്‍ക്ക് വേണ്ടത്ര ബോധവല്‍ക്കരണം നല്‍കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എത്രയും വേഗം ഒരുക്കാനും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. ഭക്ഷണശാലയുടെ വൃത്തിഹീനമായ അവസ്ഥയും മതിയായ രേഖകള്‍ കൈവശമില്ലാത്തതും കണക്കിലെടുത്തു തിരുവനന്തപുരം നഗരസഭ ഹോട്ടലിനെതിരെ കേസെടുത്തിട്ടുണ്ട്.

Exit mobile version