തെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകള്‍ വോട്ടുചോദിക്കുന്നത് നിയമവിരുദ്ധം; തെരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് ഒ രാജഗോപാല്‍

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി രംഗത്ത് വന്നിരുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകള്‍ വോട്ടുചോദിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയെ പിന്തുണച്ച് ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. ജാതി-മത സംഘടനകള്‍ ഏത് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യണമെന്ന് പറയുന്നത് നിയമവിരുദ്ധമാണ്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും രാജഗോപാല്‍ പറഞ്ഞു. എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല, മുഴുവന്‍ മണ്ഡലങ്ങളിലും നിലപാട് എടുത്തിട്ടുണ്ടെന്നും ഒ രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ബിജെപി നേതാക്കള്‍ എന്തു പറയുന്നു എന്നതല്ല, നിയമ വശമാണ് താന്‍ ചൂണ്ടിക്കാണിച്ചത്. ഈ ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കൊപ്പം ഒരു ബിജെപി എംഎല്‍എ കൂടി ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്നും രാജഗോപാല്‍ പറഞ്ഞു. എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടുചോദിച്ച് പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് രാജഗോപാലിന്റെ പ്രതികരണം.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പില്‍ പരസ്യ നിലപാട് സ്വീകരിക്കുന്നതില്‍, സമുദായ സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും, പരസ്യ നിലപാട് സ്വീകരിക്കുന്നത് സമുദായ സംഘടനകളുടെ ഇഷ്ടമാണെന്നും, എല്ലാ സമുദായ സംഘടനകളെയും നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

Exit mobile version