ശബരിമലയില്‍ പോകുന്നവരുടെ എണ്ണം നോക്കിയാല്‍ ഒന്നാം സ്ഥാനത്തുള്ളത് കമ്മ്യൂണിസ്റ്റുകാരായിരിക്കും; കോടിയേരി ബാലകൃഷ്ണന്‍

അരൂരില്‍ ഇടതുസ്ഥാനാര്‍ത്ഥി മനു സി പുളിക്കലിനെതിരെ മതപരമായ ധ്രുവീകരണത്തിന് രമേശ് ചെന്നിത്തല ശ്രമിക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി

ആലപ്പുഴ: എല്‍ഡിഎഫ് ഒരു വിശ്വാസികള്‍ക്കും എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ പോകുന്നവരുടെ എണ്ണം നോക്കിയാല്‍ ഒന്നാം സ്ഥാനത്തുള്ളത് കമ്മ്യൂണിസ്റ്റുകാരായിരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അരൂരില്‍ ഇടതുസ്ഥാനാര്‍ത്ഥി മനു സി പുളിക്കലിനെതിരെ മതപരമായ ധ്രുവീകരണത്തിന് രമേശ് ചെന്നിത്തല ശ്രമിക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി. ഹിന്ദുമത വിശ്വാസി ആയ ശങ്കര്‍ റെയെ തോല്‍പ്പിക്കണം എന്നാണ് കാസര്‍കോട്ട് യുഡിഎഫിന്റെ പ്രചാരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇടതു സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ അവിശ്വാസി ആണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും കോടിയേരി പറഞ്ഞു. മതവും ജാതിയും പറഞ്ഞു യുഡിഎഫ് വോട്ട് പിടിക്കുകയാണ്. വര്‍ഗീയധ്രുവീകരണത്തിനാണ് അവരുടെ ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി.

ശബരിമലയില്‍ പോകുന്നവരല്ലാം കോണ്‍ഗ്രസുകാരാണന്നാണ് ചിലരുടെ ധാരണ. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശബരിമല സന്ദര്‍ശിച്ചപ്പോള്‍, ലാല്‍സലാം വിളിച്ചാണ് അവിടെയുളളവര്‍ തന്നെ അഭിവാദ്യം ചെയ്തത്. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ദേവസ്വം ബോര്‍ഡില്‍ സംവരണം കൊണ്ടുവന്ന ഏക സംസ്ഥാനം കേരളമാണെന്നും കോടിയേരി പറഞ്ഞു.

Exit mobile version