ഞാന്‍ ഒഴിഞ്ഞത് എഎച്ച്പിയില്‍ നിന്ന് മാത്രം, ആര്‍എസ്എസില്‍ തന്നെ തുടരും; ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തൃശൂര്‍: ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലി ചെറിയ രീതിയിലുള്ള സംഘര്‍ഷങ്ങളല്ല സംസ്ഥാനത്ത് അരങ്ങേറിയത്. അതില്‍ നിരവധി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് നിലനിന്നത്. എന്നാല്‍ കേസ് വന്നപ്പോള്‍ നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് സംഘടന വിട്ട ബജ്റംഗ്ദള്‍ നേതാവും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോപിനാഥന്‍ മറ്റൊരു കുറിപ്പുമായി രംഗത്ത്.

താന്‍ സംഘടനാ ചുമതല ഒഴിഞ്ഞിരിക്കുന്നത് എഎച്ച്പി എന്ന പ്രവീണ്‍തൊഗാഡിയ സംഘടനയില്‍ നിന്നാണെന്നും ആര്‍എസ്എസില്‍ പ്രവര്‍ത്തനം തുടരുമെന്നുമാണ് ഗോപിനാഥന്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ മാന്യമായി ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിക്കാമെന്നും അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും ആത്മാര്‍ഥത ഫേസ്ബുക്കില്‍ മാത്രം ഉണ്ടായാല്‍ പോരെന്നും പരിഹസിച്ചായിരുന്നു ഗോപിനാഥന്റെ പോസ്റ്റ്. സംഭവത്തില്‍ നിരവധി പ്രതികരണങ്ങളും എത്തിയിരുന്നു.

എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ സ്വീകരിച്ച നിലപാടിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസങ്ങളിലായി പലതരത്തിലുള്ള വ്യാഖ്യാനങ്ങളും, മുതലെടുപ്പ് ശ്രമങ്ങളും, തെറ്റായ പ്രചാരണങ്ങളും നടന്നുവരുന്നതിന്റെ പശ്ചാത്തലത്തില്‍ എനിക്കീ വിശദീകരണം തന്നേ മതിയാകൂ എന്ന് പറഞ്ഞുകൊണ്ടാണ് ഗോപിനാഥന്‍ കുറിപ്പ് ആരംഭിക്കുന്നത്. ഞാന്‍ സംഘടനാ ചുമതല ഒഴിഞ്ഞിരിക്കുന്നത് എഎച്ച്പി എന്ന പ്രവീണ്‍തൊഗാഡിയ സംഘടനയില്‍ നിന്നാണെന്നും അതിന് ആര്‍എസ്എസ് എന്ന മഹാപ്രസ്ഥാനവുമായി യാതൊരു ബന്ധവും ഇല്ലെന്നും നേതാവ് കുറിക്കുന്നു. തങ്ങളുടേത് സംഘകുടുംബമാണെന്നും ഗോപിനാഥന്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നമസ്‌കാരം… എന്റെയനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ സ്വീകരിച്ച നിലപാടിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസങ്ങളിലായി പലതരത്തിലുള്ള വ്യാഖ്യാനങ്ങളും, മുതലെടുപ്പ് ശ്രമങ്ങളും, തെറ്റായ പ്രചാരണങ്ങളും നടന്നുവരുന്നതിന്റെ പശ്ചാത്തലത്തില്‍ എനിക്കീ വിശദീകരണം തന്നേ മതിയാകൂ…. ആദ്യമായി പറയട്ടെ ഞാന്‍ സംഘടനാ ചുമതല ഒഴിഞ്ഞിരിക്കുന്നത് AHP എന്ന പ്രവീണ്‍തൊഗാഡിയ സംഘടനയില്‍ നിന്നാണ്. അതിന് RSS എന്ന മഹാപ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ല.

മറിച്ചു സംഘത്തിനും ബിജെപിക്കും എതിരെത്തന്നെയാണ് ഈ സംഘടന പ്രവര്‍ത്തിച്ചു വരുന്നതും.
ഞാന്‍ ഓര്‍മ്മവെച്ച നാള്‍ സംഘപ്രവര്‍ത്തകനാണ്. എന്റെയച്ഛന്‍ ബിജെപി മണ്ഡലം കാര്യകര്‍ത്താവായിരുന്നു.. ഏതൊരു മനുഷ്യനും സംഭവിച്ചു പോകാവുന്ന തെറ്റാണ് AHP എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ച വഴി എനിക്കുമുണ്ടായത്. ആ ഒരു തീരുമാനം എടുത്തപ്പോള്‍ എന്നെ സ്‌നേഹിക്കുന്ന എന്നോട് ആത്മാര്‍ത്ഥതയുള്ള ഒരുപാട് ആളുകള്‍ എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു.. പക്ഷെ ആ സമയത്ത് അതൊന്നും ചെവി കൊണ്ടില്ല അതില്‍ ഞാനിന്ന് ഖേദിക്കുന്നു.. ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പോകും, പാസ്റ്ററാകും എന്നൊക്കെ ദിവാസ്വപ്നം കാണുന്നവരോട് പുച്ഛം മാത്രമേയുള്ളൂ…

എന്റെ കുടുംബം സംഘകുടുംബമാണ്.. സംഘപാതയില്‍ നിന്നും വ്യതിചലിച്ചൊരു ജീവിതവും എനിക്കുണ്ടാവില്ല.. രാഷ്ട്രീയബജ്രങ് ദള്‍ നേതാവ് ശ്രീരാജ് കൈമളിന്റെ വിശദീകരണത്തിന് മറുപടി അര്‍ഹിക്കുന്നില്ല എങ്കിലും പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലല്ലോ. എനിക്ക് നേരത്തെയും കേസുകള്‍ ഉണ്ടായിട്ടുണ്ട്.. അത് കള്ളക്കടത്തിനോ ബ്ലാക്ക് മണി ഇടപാടിനോ പെണ്ണ് പിടിക്കോ അല്ലെന്ന കാര്യം വിനയപൂര്‍വം ഓര്‍മ്മിപ്പിക്കുന്നു. അതൊക്കെ താങ്കള്‍ക്ക് പുതിയ അറിവാണെന്ന് അറിഞ്ഞതില്‍ സന്തോഷം.. നാഴികക്ക് നാല്പത് വട്ടം ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതല്ലാതെ എന്ത് ഹൈന്ദവ ഉദ്ധാരണ പ്രവര്‍ത്തനമാണ് താങ്കള്‍ ഉള്‍പ്പെടെ നടത്തുന്നതെന്ന് എനിക്കറിയാം.. ദയവായി വിഴുപ്പലക്കാന്‍ പ്രേരിപ്പിക്കരുത്..

ഞാന്‍ ദീര്‍ഘനാള്‍ ജയിലില്‍ ആയിട്ട്കൂടി AHP യുടെ ഒരു സ്വയംപ്രഖ്യാപിത ‘ഹിന്ദുസംരക്ഷകരും’ ഒന്ന് കാണാന്‍ പോലും വന്നിട്ടില്ല.. അവിടെത്തന്നെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു നിങ്ങളുടെ കാപട്യം.. മാതൃസംഘടനയെ ധിക്കരിച്ചുകൊണ്ട് ഞാന്‍ അഒജ യില്‍ പ്രവര്‍ത്തിച്ചത് എനിക്ക് ശമ്പളമോ മറ്റെന്തെകിലും വാഗ്ദാനമോ ഒന്നും കിട്ടിയിട്ടുമല്ല അങ്ങനെയുള്ളവര്‍ മാത്രമാണ് ഇന്ന് ആ സംഘടനയില്‍ ഉള്ളതും.. അവരതിന് നന്ദി കാണിക്കട്ടെ.. ഞാനെന്തായാലും ഇല്ല..

എന്റെ പ്രസ്ഥാനം സംഘം മാത്രമാണ്.. ആരോ എഫ്ബിയില്‍ കുറിച്ച പോലെ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ എന്ന വിദഗ്ദനായ എഞ്ചിനീയര്‍ ഡിസൈന്‍ ചെയ്ത ഉറപ്പുള്ള വീടാണ് സംഘ കുടുംബം.. അതിന്റെ സുരക്ഷിതത്വവും അന്തസ്സും ആത്മാഭിമാനവുമൊന്നും ഫേസ്ബുക്കില്‍ കൂലിക്കെഴുത്തുകാരെ കൊണ്ട് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന വ്യാജവീടിനുണ്ടാകില്ല എന്ന സത്യം അല്‍പ്പം വൈകിയാണേലും അനുഭവം കൊണ്ട് മനസിലാക്കുന്നു….. തെറ്റിദ്ധരിക്കപ്പെട്ട സ്വയംസേവക സഹോദരങ്ങള്‍ക്കും സംഘബന്ധുക്കള്‍ക്കും വേണ്ടിയാണ് എന്റെ ഈ വിശദീകരണ കുറിപ്പ്..

Exit mobile version