ജോളിയുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം കട്ടപ്പനയില്‍

ജോളിയുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും അന്വേഷണസംഘം കണ്ട് മൊഴി രേഖപ്പെടുത്തും.

ഇടുക്കി: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം കട്ടപ്പനയിലെത്തി. ജോളിയുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും അന്വേഷണസംഘം കണ്ട് മൊഴി രേഖപ്പെടുത്തും.

ആദ്യം അന്വേഷണസംഘം ജോളിയുടെ കുടുംബവീട്ടിലാണ് എത്തിയത്. ജോളിയുടെ അച്ഛനമ്മമാരും മൂത്ത സഹോദരിയുമാണ് ഇവിടെയുള്ളത്. ഇവരുടെ മൊഴി എടുത്ത ശേഷം സമീപത്തുള്ള സഹോദരന്‍ നോബിയെ അന്വേഷണ സംഘം കാണും. കട്ടപ്പനയിലെ കുടുംബവീടിന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ അകലെയാണ് നോബിയുടെ വീട്. പിന്നീട് തടിയമ്പാട്, മുരിക്കാശ്ശേരി, രാജകുമാരി എന്നിവിടങ്ങളില്‍ ജോളിയുടെ മറ്റ് സഹോദരങ്ങളുണ്ട്. ഇവരുടെ മൊഴിയും രേഖപ്പെടുത്തും.

എന്നാണ് ജോളി അവസാനം കുടുംബവീട്ടിലെത്തിയത്, എന്താണ് അന്ന് ജോളി പറഞ്ഞത് എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം ആദ്യം ചോദിച്ചറിയുക. ജോളിക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നെന്ന് അവര്‍ അറസ്റ്റിലായ ദിവസം തന്നെ അച്ഛന്‍ ജോസഫ് പറഞ്ഞിരുന്നു. തിരുവോണദിവസമാണ് അവസാനം ജോളി കട്ടപ്പനയില്‍ വന്നത്. അന്നും പണം വാങ്ങിയാണ് ജോളി മടങ്ങിയത്.

സിഐ ബിനീഷ് കുമാര്‍, എസ്‌ഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരടങ്ങിയ സംഘമാണ് കട്ടപ്പനയില്‍ എത്തിയിരിക്കുന്നത്. കൂടത്തായി കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ ജോര്‍ജാണ്.

Exit mobile version