പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു; കണ്ണീരോടെ ആനപ്രേമികള്‍

ആനയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വരെ ക്ഷേത്രം തുറക്കില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

തൃശ്ശൂര്‍: ആനപ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു. പാറമേക്കാവ് ക്ഷേത്രത്തില്‍ ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് ദേവസ്വത്തിന്റെ ആനയാണ് രാജേന്ദ്രന്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ചരിഞ്ഞത്. പ്രായാധിക്യത്തെ തുടര്‍ന്നായിരുന്നു ആന ചരിഞ്ഞത്.

കഴിഞ്ഞ 50 വര്‍ഷത്തിലധികം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പാറമേക്കാവ് രാജേന്ദ്രന്‍ തലയെടുപ്പോടെ എഴുന്നള്ളിയിരുന്നു.’ഭക്തരുടെ ആന’ എന്ന വിശേഷണമാണ് രാജേന്ദ്രനുള്ളത്. പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന വേണാട് പരമേശ്വരന്‍ നമ്പൂതിരി ഭക്തരില്‍ നിന്നും നാലായിരത്തോളം രൂപ പിരിച്ചാണ് രാജേന്ദ്രനെ വാങ്ങിയത്. 1955ല്‍ പാലക്കാട്ട് നിന്നാണ് രാജേന്ദ്രനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്.

1967ല്‍ ആണ് രാജേന്ദ്രന്‍ ആദ്യമായി തൃശ്ശൂര്‍ പൂരത്തിന് പങ്കെടുത്തത്. തൃശ്ശൂര്‍ നഗരത്തിലും പരിസരങ്ങളിലുമുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളില്‍ രാജേന്ദ്രന്‍ തിടമ്പേറ്റിയിട്ടുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിനടുത്തായാണ് രാജേന്ദ്രന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത്. അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ആനപ്രേമികളും എത്തുന്നത്. ആനയുടെ മൃതദേഹം ദഹിപ്പിക്കുന്നത് വരെ ക്ഷേത്രം തുറക്കില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

Exit mobile version