യുവതിയുടെ കൈയ്യേറ്റം ജീവിക്കാന്‍ വേണ്ടി സെക്യൂരിറ്റി വേഷമണിഞ്ഞ റിങ്കുവിന് നേരെ

കാര്‍ പാര്‍ക്കിങ് ഏരിയയില്‍ യുവതി വെച്ച സ്‌കൂട്ടര്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം നീക്കിവച്ചതില്‍ ദേഷ്യംമൂത്താണ് യുവതി ജനങ്ങള്‍ നോക്കിനില്‍ക്കേ സെക്യൂരിറ്റി ജീവനക്കാരനായ റിങ്കുവിന്റെ മുഖത്ത് ആഞ്ഞടിച്ചത്.

തൃശ്ശൂര്‍: സ്‌കൂട്ടര്‍ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുന്ന യുവതി വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. കാര്‍ പാര്‍ക്കിങ് ഏരിയയില്‍ യുവതി വെച്ച സ്‌കൂട്ടര്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം നീക്കിവച്ചതില്‍ ദേഷ്യംമൂത്താണ് യുവതി ജനങ്ങള്‍ നോക്കിനില്‍ക്കേ സെക്യൂരിറ്റി ജീവനക്കാരനായ റിങ്കുവിന്റെ മുഖത്ത് ആഞ്ഞടിച്ചത്.

കൊച്ചി സര്‍വകലാശാല വനിതാ ഹോസ്റ്റലില്‍ താല്‍ക്കാലിക മേട്രനായ കൊയിലാണ്ടി കാവില്‍ദേശം സ്വദേശി ആര്യയാണ് റിങ്കുവിനെ കൈയ്യേറ്റം ചെയ്തത്. സംഭവത്തില്‍ 10 ദിവസത്തിനു ശേഷം പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസും അറസ്റ്റും നീണ്ടപ്പോള്‍ ക്രൂരമായ മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യവും പോലീസിനെതിരായ പരിഹാസ ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരം നേടി. അതോടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. യുവതിയുടെ മര്‍ദ്ദനമേറ്റിട്ടും പ്രകോപിതനാകാതെ റിങ്കു ജോലി തുടര്‍ന്നു. നാട്ടുകാര്‍ യുവതിയെ തടഞ്ഞുവച്ചു പോലീസിനു കൈമാറിയെങ്കിലും വിട്ടയച്ചതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മാവേലിക്കരയ്ക്കു സമീപം തഴക്കര പഞ്ചായത്ത് അറുനൂറ്റിമംഗലം കുമ്പംപുഴ വീട്ടില്‍ റോസമ്മയുടെ ഏക മകനാണ് റിങ്കു (26). ബിഷപ് ഹോജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു പ്ലസ് ടു പാസ്സായ ശേഷം ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ എന്‍ജിനീയറിങ്ങിനു ചേര്‍ന്നു. 11ാം വയസ്സില്‍ പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അമ്മാവന്മാരുടെ സംരക്ഷണത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. എന്‍ജിനീയറിങ്ങിനു 4 വര്‍ഷത്തേക്ക് 5 ലക്ഷം രൂപയായിരുന്നു ഫീസ്.

ഒരു ദേശസാല്‍കൃത ബാങ്ക് 4 ലക്ഷം രൂപ വായ്പ അനുവദിച്ചു. ആദ്യ വര്‍ഷം 1,75,000 രൂപയും രണ്ടാമത്തെ വര്‍ഷം 75,000 രൂപയും ബാങ്കില്‍ നിന്നു കോളേജിലേക്കു നല്‍കി. 2ാം കൊല്ലം 50,000 രൂപ കൂടി ഫീസ് അടയ്ക്കണമെന്നു കോളേജുകാര്‍ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അയച്ചില്ല. തുടര്‍ന്ന് അവര്‍ റിങ്കുവിനെ നാലാമത്തെ സെമസ്റ്റര്‍ പരീക്ഷ എഴുതിച്ചില്ല. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവച്ച ശേഷം പുറത്താക്കി.

2012ല്‍ ബംഗളൂരുവില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തിയ റിങ്കു ഇലക്ട്രീഷ്യന്റെ സഹായിയായി ജോലിക്ക് പോയി. എന്നാല്‍ അതില്‍ നിന്നും കൂടുതല്‍ വരുമാനമൊന്നും ലഭിച്ചില്ല. പിന്നീട് നാട്ടിലെ ഐഇഎല്‍ടിഎസ് സ്ഥാപനത്തില്‍ വനിതാ ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്താണ് അമ്മ റോസമ്മ കുടുംബം പുലര്‍ത്തിയത്. നേരത്തേ മുതല്‍ ഹൃദയ സംബന്ധമായ അസുഖമുള്ളയാളാണ് റിങ്കുവിന്റെ അമ്മ റോസമ്മ. 2017ല്‍ ഡെങ്കിപ്പനി പിടിപെട്ടതോടെ രോഗം മൂര്‍ഛിച്ചു. ശസ്ത്രകിയയ്ക്കു 2 ലക്ഷം ചെലവാകുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാനുള്ള 50,000 രൂപയും സ്വരൂപിക്കാനാണ് റിങ്കു സെക്യൂരിറ്റി ജോലിയില്‍ പ്രവേശിച്ചത്. ആദ്യം കൊച്ചിയില്‍ കെട്ടിട നിര്‍മാണ സൈറ്റിലായിരുന്നു ജോലി. ഓഗസ്റ്റില്‍ ആലുവ ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിലേക്കു മാറിയത്. മര്‍ദ്ദനമേറ്റ ദിവസം താന്‍ വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നു റിങ്കു പറഞ്ഞു.

റിങ്കു എന്ന ചെറുപ്പക്കാരനെ ഒരു കാരണവുമില്ലാതെ യുവതി മുഖത്തടിച്ചത്. അടി കൊണ്ടതാകട്ടെ ചെവിയിലും. ഇന്നും ആ വേദന മാറിയിട്ടില്ല. ജീവിതത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് റിങ്കു എന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കൂടിയായ യുവാവ് ഒരു സെക്യൂരിറ്റി ജീവനക്കാരനായി മാറിയത്.

എന്‍ജിനീയറിങ് കോളജുകാര്‍ തടഞ്ഞുവച്ച സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കണം, അമ്മയ്ക്കു ഹൃദയ ശസ്ത്രക്രിയ നടത്തണം. അതേസമയം, കേസില്‍ നിന്നും രക്ഷപ്പെടാന്‍ റിങ്കുവിനെ പ്രതിയാക്കുമെന്നും ആര്യ ഭീഷണിയും മുഴക്കിയിരുന്നുവെന്നാണ് വിവരം.

Exit mobile version