ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളുടെ വിശദാംശങ്ങള്‍ തേടി പോലീസ്

വടകര: നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യ പ്രതി ജോളി കോയമ്പത്തൂര്‍ സന്ദര്‍ശനം നടത്തിയതിന്റെ വിവരങ്ങള്‍ തേടി പോലീസ്. ജോളി നിരന്തരമായി കോയമ്പത്തൂരിലേക്ക് യാത്ര ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. ജോളിയുടെ കഴിഞ്ഞ ആറ് മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് നിരന്തരമായി കോയമ്പത്തൂര്‍ സന്ദര്‍ശനം പോലീസ് കണ്ടെത്തിയത്.

സെപ്തംബര്‍ രണ്ടാമത്തെ ആഴ്ചയിലെ ഓണം അവധി ദിവസങ്ങളിലും രണ്ട് ദിവസം ജോളി കോയമ്പത്തൂരിലുണ്ടായിരുന്നു എന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. ഓണക്കാലത്ത്
അമ്മ വീട്ടില്‍ ഇല്ലായിരുന്നെന്ന് ജോളിയുടെ മകന്‍ നേരെത്തെ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ കട്ടപ്പനയിലെ സ്വന്തം ബന്ധുക്കളുടെ അടുത്തേയ്ക്ക് പോവുക എന്നാണ് മകനോട് പറഞ്ഞത്. ഇവിടെ രണ്ട് ദിവസം മാത്രമേ ജോളി ഉണ്ടായിരുന്നതെന്ന് മൊബൈല്‍ ടവര്‍ ലോക്കേഷനില്‍ നിന്നും വ്യക്തമാണം. ജോളി എന്തിനാണ് രഹസ്യമായി കോയമ്പത്തൂര്‍ സന്ദര്‍ശനം നടത്തിയത് എന്ന അന്വേഷണത്തിലാണ് പോലീസ്.

കൂടത്തായി കൂട്ടക്കൊലക്കേസിലെ ഓരോ കൊലപാതകവും വ്യത്യസ്ത അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. എത്രയും പെട്ടന്ന് കൃത്യമായ തെളിവുകളോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട ജോളിയെ നിലവില്‍ വടകര പോലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Exit mobile version