മണിക്കുട്ടിയേക്കാള്‍ തളര്‍ന്ന് അയല്‍ക്കാര്‍

തന്റെ സ്വന്തം ചേച്ചി കത്തിയെരിയുമ്പോള്‍ കണ്ണീരൊഴുക്കി നോക്കി നില്‍ക്കുവാനെ ഈ കുരുന്നിന് സാധിച്ചൊള്ളൂ

കാക്കനാട്: ‘ഒരുമിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു. ശേഷം കണ്ണ് തുറന്ന് നോക്കുമ്പോള്‍ അഗ്നിഗോളമായി മാറിയ തന്റെ ചേച്ചിയെ’ വിങ്ങിപ്പൊട്ടി കരഞ്ഞ് അഞ്ചാം ക്ലാസുകാരി മണിക്കുട്ടി(ദേവകി) ഈ വാക്കുകള്‍ പറയുമ്പോള്‍ കൂടി നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. കണ്‍മുന്‍പില്‍ കണ്ട ആ ദുരന്തത്തില്‍ നിന്ന് ഇനിയും ഈ പതിനൊന്നുകാരി മുക്തമായിട്ടില്ല.

തന്റെ സ്വന്തം ചേച്ചി കത്തിയെരിയുമ്പോള്‍ കണ്ണീരൊഴുക്കി നോക്കി നില്‍ക്കുവാനെ ഈ കുരുന്നിന് സാധിച്ചൊള്ളൂ. ഇപ്പോള്‍ മണിക്കുട്ടിയെ ആശ്വസിപ്പിക്കാനാകാതെ വീര്‍പ്പു മുട്ടുകയാണ് ഇവിടുത്തെ അയല്‍വാസികളും. മണിക്കുട്ടിയെന്ന് ദേവകിയെയും ചേച്ചിയായ ദേവികയെ പാറുവെന്നുമാണ് വീട്ടുകാര്‍ വിളിച്ചിരുന്നത്. എറണാകുളം ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവകി.

അര്‍ധരാത്രി മിഥുനിന്റെ വരവിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയതോടെ ഓടിമാറാന്‍ അമ്മയുടെ നിര്‍ദേശം ലഭിച്ചതോടെയാണ് ദേവകിയുടെ ജീവന്‍ ബാക്കിയാകുവാന്‍ കാരണം. മിഥുന്‍ തങ്ങളെ നാലുപേരെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് മൊഴി നല്‍കിയിരുന്നു. അമ്മയുടെ നിര്‍ദേശ പ്രകാരം വീടിന് പുറത്തേയ്ക്ക് ഓടിയ ദേവകി പിന്നീട് കണ്ടത് ചേച്ചിയുടെ ദേഹത്തേയ്ക്ക് പടര്‍ന്നു പിടിക്കുന്ന തീയായിരുന്നു.

സംഭവമറിഞ്ഞ് അയല്‍ക്കാര്‍ ഓടിക്കൂടിയപ്പോഴേക്കും കരഞ്ഞുകൊണ്ട് നിസ്സഹായാവസ്ഥയില്‍ നില്‍ക്കുന്ന മണിക്കുട്ടിയെയാണ് കണ്ടത്. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് പിതാവിന് പരിക്കേല്‍ക്കുകയും മാതാവ് നിസ്സഹായാവസ്ഥയിലാവുകയും ചെയ്തതോടെ പോലീസിന് വിവരങ്ങള്‍ നല്‍കേണ്ട ചുമതല മണിക്കുട്ടിക്കായി. തേങ്ങലോടെയാണ് മണിക്കുട്ടി വീട്ടില്‍ നടന്ന ഓരോ കാര്യങ്ങളും പോലീസിനോട് പറഞ്ഞത്. ഇടയ്ക്ക് നിയന്ത്രണം വിട്ടുപോയ മണിക്കുട്ടിയെ ആശ്വസിപ്പിക്കാന്‍ പോലീസുകാര്‍ക്ക് പോലും സാധിച്ചില്ല.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ദേവികയെ മിഥുന്‍ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ശേഷം യുവാവും തീകൊളുത്തി ജീവനൊടുക്കിയിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് ഈ ക്രൂരകൃത്യം നടത്തിയത്. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പിതാവിന് സാരമായി പരിക്കേറ്റത്. ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

Exit mobile version