അതില്‍ തെറ്റായി ഒന്നും ഉണ്ടായിരുന്നില്ല; സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നല്‍കിയ ചിത്രത്തെ കുറിച്ച് ഷാജു

കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിലെ കൂട്ടമരണങ്ങളില്‍ ഷാജുവിന്റെയും ജോളിയുടെയും ബന്ധങ്ങള്‍ ശരിവെയ്ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം വന്നു കഴിഞ്ഞു. ഇപ്പോള്‍ സിലി മരിക്കുന്നതിന് മുന്‍പും ഇരുവരും തമ്മില്‍ പ്രണയമായിരുന്നുവെന്ന് ശരിവെയ്ക്കുന്ന മറ്റൊരു ചിത്രം കൂടി വന്നിരിക്കുകയാണ്. സിലി മരിച്ച് കിടന്നപ്പോള്‍ അവര്‍ക്ക് അന്ത്യ ചുംബനം ജോളിയും ഷാജുവും ഒരുമിച്ചാണ് നല്‍കിയത്.

ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ജോളിക്കൊപ്പം ചേര്‍ന്നു താന്‍ അന്ത്യചുംബനം നല്‍കിയ ഫോട്ടോയില്‍ തെറ്റായൊന്നുമില്ലെന്നും അതിനെ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്നും ഷാജു പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതവും ഷാജു നടത്തിയിരുന്നു. സിലിയെയും മകളെയും കൊലപ്പെടുത്താന്‍ സാഹചര്യം ഒരുക്കി നല്‍കിയെന്നാണ് പറഞ്ഞത്. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ഷാജു പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ഷാജു പറയുന്നത്.

കൊല ചെയ്യാന്‍ ജോളിയെ സഹായിച്ചെന്ന് മൊഴി കൊടുത്തിട്ടില്ല. ജോളിക്കു മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടാകാം. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. തനിക്കെതിരെ മൊഴിയുണ്ടെന്ന പ്രചാരണം തന്നെ കുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. റോയിയുടെ ബന്ധുക്കളുടെ പ്രസ്താവനകളും സംശയം ബലപ്പെടുത്തുന്നതാണെന്നും ഷാജു പറഞ്ഞു.

Exit mobile version