റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം; തൃശൂര്‍ വെസ്റ്റ്, ഈസ്റ്റ് ഉപജില്ലകള്‍ മുന്നില്‍

തെങ്ങോല, ചിരട്ട തുടങ്ങിയ പരമ്പരാഗത ഉല്‍പന്നങ്ങളും ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും ശാസ്ത്രമേളയെ കൂടുതല്‍ ശ്രദ്ധേയമാക്കി

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവ പ്രവൃത്തി പരിചയമേളയില്‍ 35 വിഭാഗങ്ങളിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 15,022 പോയിന്റോടെ തൃശ്ശൂര്‍ വെസ്റ്റ് ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 13,420 പോയിന്റോടെ തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ലയും ഒന്നാമതെത്തി. ഗണിതശാസ്ത്ര വിഭാഗത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 131 പോയിന്റോടെ തൃശ്ശൂര്‍ ഈസ്റ്റ് ആണ് മുന്നില്‍.

ഐടിയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 52 പോയിന്റോടെ ഇരിങ്ങാലക്കുട ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 45 പോയിന്റോടെ തൃശ്ശൂര്‍ ഈസ്റ്റും മുന്നിലാണ്. സാമൂഹികശാസ്ത്രത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 26 പോയിന്റോടെ മാള ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തൃശ്ശൂര്‍ വെസ്റ്റ് ഉപജില്ലയുമാണ് മുന്നില്‍. സയന്‍സില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 18 പോയിന്റുമായി കൊടുങ്ങല്ലൂരും ഹയര്‍ സെക്കന്‍ഡറിയില്‍ എട്ട് പോയിന്റോടെ തൃശ്ശൂര്‍ ഈസ്റ്റും മുന്നിലാണ്.

തെങ്ങോല, ചിരട്ട തുടങ്ങിയ പരമ്പരാഗത ഉല്‍പന്നങ്ങളും ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും ശാസ്ത്രമേളയെ കൂടുതല്‍ ശ്രദ്ധേയമാക്കി. പ്രളയബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് പുസ്തകങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ വിഷ്ണുജിത്ത്, ജുവല്‍ ജോഷി എന്നിവരുടെ സ്റ്റാള്‍ മേളയില്‍ ശ്രദ്ധ നേടി. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ 50 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് എക്‌സ്‌പോയില്‍ പങ്കെടുത്തത്. സംസ്ഥാന വൊക്കേഷനല്‍ എക്‌സ്‌പോ 24ന് കണ്ണൂരില്‍ നടക്കും.

Exit mobile version