വാച്ച് ഉപയോഗിക്കുന്നതിനും വിലക്ക്; എംബിബിഎസ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഇങ്ങനെ

ആരോഗ്യസര്‍വകലാശാലക്ക് കീഴിലുള്ള ആറ് മെഡിക്കല്‍ കോളേജുകളിലാണ് പരീക്ഷാ ക്രമക്കേട് കണ്ടെത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷ ഹാളില്‍ ഇനി മുതല്‍ വാച്ച് ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. കൂടാതെ നിരവധി നിയന്ത്രണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ ബോള്‍ പോയിന്റ് പേന മാത്രമെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കൂ. ആറ് മെഡിക്കല്‍ കോളേജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങളുമായി അധികൃതര്‍ രംഗത്ത് വന്നിരിക്കുന്നത്.

ആരോഗ്യസര്‍വകലാശാലക്ക് കീഴിലുള്ള ആറ് മെഡിക്കല്‍ കോളേജുകളിലാണ് പരീക്ഷാ ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്നാണ് ഈ നടപടി. വാച്ച് ധരിച്ചുകൊണ്ട് ഹാളില്‍ പ്രവേശിക്കാനാകില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അറിയാനായി ഹാളില്‍ ക്ലോക്കുകള്‍ ഉണ്ടാകും. ബോള്‍പോയിന്റ് പേന ഉപയോഗിച്ച് മാത്രമെ പരീക്ഷ എഴുതാനാകൂ.

മറ്റ് തരം പേനകള്‍ അനുവദിക്കില്ല. വാട്ടര്‍ബോട്ടില്‍ പരീക്ഷാ ഹാളിനുള്ളില്‍ അനുവദിക്കില്ല. വലുപ്പമുള്ള മാലകള്‍, വള, മോതിരം തുടങ്ങിയ ആഭരണങ്ങള്‍ ധരിക്കാന്‍ പാടില്ല. ഇത്തരം നിയന്ത്രണങ്ങളിലൂടെ കോപ്പിയടിയും മറ്റ് പരീക്ഷാ ക്രമക്കേടുകളും തടയാനാകുമെന്നാണ് അധികൃതരുടെ നിഗമനം.

Exit mobile version