ജോളിയുമായി ഫോണില്‍ ബന്ധപ്പെട്ടവരും നിരീക്ഷണത്തില്‍

കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഏഴോളം പേര്‍ക്ക് നോട്ടീസ് അയക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍. ജോളിയുമായി ഫോണില്‍ ബന്ധപ്പെട്ടവരാണ് നിരീക്ഷണത്തിലുള്ളത്.

കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഏഴോളം പേര്‍ക്ക് നോട്ടീസ് അയക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ജോളിയുടെ ഫോണ്‍ പരിശോധിച്ചതിന് ശേഷം ചില ആളുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. ജോളിയുമായി തുടര്‍ച്ചയായി ഫോണിലൂടെ ബന്ധപ്പെട്ടുക്കൊണ്ടിരിക്കുന്നവരെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയേക്കും.

കേസില്‍ 212 പേരെയാണ് ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്ത് വിട്ടയച്ച ചിലരെ വീണ്ടും വിളിപ്പിക്കാനും സാധ്യതയുണ്ട്.

അതേസമയം, പൊന്നമറ്റം വീട് പൂട്ടി സീല്‍ ചെയ്ത് പോലീസ്. ഇന്ന് രാവിലെയാണ് കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി വീട് പൂട്ടി സീല്‍ ചെയ്തത്. മരിച്ച റോയിയുടെ സഹോദരി ഉള്‍പ്പെടെ ചിലര്‍ ഇന്നലെ രാത്രി ഈ വീട്ടിലുണ്ടായിരുന്നു.

ഇവര്‍ ഇന്ന് രാവിലെ വീട്ടില്‍ നിന്ന് മാറി. കേസിലെ പ്രതിയായ ജോളി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട് പൂട്ടിയത്. വീട്ടില്‍ അവശേഷിക്കുന്ന തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു.

Exit mobile version