ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി; കോഴിക്കോട് കൂടത്തായിയിലെ തുടര്‍മരണങ്ങള്‍ സിനിമയെ വെല്ലുന്ന തിരക്കഥ, വഴിത്തിരിവിലേയ്ക്ക്

2002-നും 2016-നും ഇടയിലാണ് ഈ ആറു പേരും മരിച്ചിരിക്കുന്നത്.

താമരശ്ശേരി: കോഴിക്കോട് കൂടത്തായിയിലെ തുടര്‍മരണങ്ങളുടെ അന്വേഷണം വഴിത്തിരിവിലേയ്ക്ക്. ആറു പേര്‍ ഒരേ സാഹചര്യത്തില്‍ ഒരേ രീതിയിലുള്ള മരണം വരിച്ചതില്‍ സംശയം ഉണര്‍ന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഭക്ഷണം കഴിച്ച ശേഷമായിരുന്നു കുടുംബത്തിലെ ആറു പേരും മരണപ്പെട്ടത്. അത് വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍. കഴിഞ്ഞ ദിവസമാണ് പരാതിയുടെ അടിസ്ഥാനത്തില്‍ കല്ലറ പൊളിച്ച് പരിശോധന നടത്തിയത്.

ഇപ്പോള്‍ കേസ് പുതിയ വഴിത്തിരിവിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. ആറു പേര്‍ക്കും സമാന രീതിയില്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മച്ചാടിയില്‍ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, ഇവരുടെ ഒരു വയസുള്ള മകള്‍ അല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. 2002-നും 2016-നും ഇടയിലാണ് ഈ ആറു പേരും മരിച്ചിരിക്കുന്നത്.

അടുത്ത ബന്ധുക്കള്‍ തന്നെയാണ് ഈ കൃത്യത്തിനു പിന്നിലെന്ന നിഗമനത്തിലാണ് പോലീസും. സംഭവത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന സൂചനയും ഉണ്ട്. സയനൈഡ് നല്‍കിയത് ആരാണെന്ന അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച വിവരം ലഭിച്ചതായാണ് പോലീസും വ്യക്തമാക്കുന്നത്. മൃതദേഹം പരിശോധിച്ച ശേഷമുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഉറപ്പിക്കാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു. ഫലം ലഭിക്കുന്നതോടെ ഏകദേശ ചിത്രം തെളിയുമെന്നും പോലീസ് വ്യക്തമാക്കി.

2002ല്‍ ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിനുപിന്നാലെ തളര്‍ന്നുവീണ് മരിക്കുകയായിരുന്നു. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കഴിച്ചാലുണ്ടാകുന്ന ലക്ഷണം ഇവര്‍ കാണിച്ചതായി ഇവരുടെ മകള്‍ അന്വേഷണസംഘത്തിനു മൊഴിനല്‍കിയിട്ടുണ്ട്. 2011-ല്‍ ടോം തോമസിന്റെ മകന്‍ റോയി തോമസ് കുഴഞ്ഞുവീണുമരിച്ചപ്പോള്‍ ചിലര്‍ സംശയമുന്നയിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുകയും സയനൈഡ് ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അത് ആത്മഹത്യ എന്ന നിലയിലായിരുന്നു നടത്തിയ അന്വേഷണം. കൂടുതല്‍ അന്വേഷണം നടത്തിയിരുന്നില്ല. ബാക്കിയുള്ളവരുടെ മരണവും സമാനരീതിയില്‍ തന്നെയായിരുന്നു.

Exit mobile version