പഞ്ചിംഗ് കര്‍ശനമാക്കി, സ്ഥിരം മുങ്ങുന്നവരുടെ ശമ്പളം പിടിച്ചു

ജോലികളില്‍ മുടക്കം വരുത്തി ശമ്പളം നഷ്ടപ്പെട്ടവരില്‍ 6 ഐഎഎസുകാരും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട 28പേരും പട്ടികയിലുണ്ട്.

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കിയതോടെ സ്ഥിരം വൈകിവരുന്നവരുടെ അടക്കം 264 പേരുടെ ശമ്പളം പിടിച്ചു. ജോലികളില്‍ മുടക്കം വരുത്തി ശമ്പളം നഷ്ടപ്പെട്ടവരില്‍ 6 ഐഎഎസുകാരും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട 28പേരും പട്ടികയിലുണ്ട്.

പലതവണ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും സര്‍ക്കുലറും പോയിട്ടും ആരും അത്രവകവച്ചിരുന്നില്ലെന്നാണ് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഒന്നാം തിയതി ശമ്പളം കിട്ടാതെ വന്നതോടെയാണ് പിടിവീണകാര്യം അവര്‍ അറിയുന്നത്. തുടര്‍ന്ന് വകുപ്പ് ചട്ടപ്രകാരവും സേവനനിയമപ്രകാരവും അവധിസംബന്ധിച്ച രേഖകളും പ്രത്യേകം അപേക്ഷയും നല്‍കിയതോടെ ഏതാനും പേര്‍ക്ക് ശമ്പളം ലഭിച്ചു.

വൈകിവന്നാലും നേരത്തെപോയാലും പഞ്ചിംഗില്‍ അത് പ്രകാരം സമയക്രമീകരണമുണ്ടാകും. ഇതിന്റെ കംപ്യൂട്ടര്‍ ടാബുലേറ്റഡ് റിപ്പോര്‍ട്ടാണ് ശമ്പളം ദിവസമായി കണക്കാക്കുന്നത്. ഒരുമിച്ച് കൂട്ടുമ്പോള്‍ എത്രമണിക്കൂര്‍ പണിയെടുത്തു എന്നതിനനുസരിച്ചാണ് ശമ്പളം തീരുമാനിക്കുന്നത്.

സെക്രട്ടറിയേറ്റിലെ സമയം നിലവില്‍ രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ്. എന്നാല്‍ സ്വന്തം സൗകര്യമനുസരിച്ച് വരാനും പോകാനുമുള്ള അനുമതി ഈ വര്‍ഷമാദ്യം തന്നെ നിര്‍ത്തലാക്കിയിരുന്നു.

Exit mobile version