ഭാരം താങ്ങാന്‍ വയ്യ, നോക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഒടുവില്‍ 80കാരനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു, കണ്ണുനിറഞ്ഞ് മൗനത്തില്‍ ഈ അച്ഛന്‍

മൂത്ത മകളുടെ മകനാണ് ആലുവയില്‍ നിന്ന് വയോധികനെ വരാപ്പുഴയിലെ വീട്ടിലെത്തിച്ചത്.

വരാപ്പുഴ: 80കാരനായ പിതാവിനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മകനും ഭാര്യയും. വയോജന ദിനത്തിലാണ് അച്ഛനെ വീടിന് പുറത്താക്കി വീട് പൂട്ടി പോയത്. വരാപ്പുഴയിലാണ് സംഭവം നടന്നത്. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ഇളയ മകനാണ് പിതാവിനെ വീടിന് പുറത്താക്കി വാതില്‍ അടച്ചത്. കണ്ണ് നിറഞ്ഞ് മുറ്റത്ത് വിഷമിച്ചിരിക്കുന്ന അദ്ദേഹത്തെ കണ്ട് പ്രദേശവാസികള്‍ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.

മൂത്ത മകളുടെ മകനാണ് ആലുവയില്‍ നിന്ന് വയോധികനെ വരാപ്പുഴയിലെ വീട്ടിലെത്തിച്ചത്. അച്ഛനെ കണ്ടെങ്കിലും വാതില്‍ തുറക്കാന്‍ ഇളയ മകനും ഭാര്യയും തയ്യാറായില്ല. ശേഷം വീടിനു പുറത്ത് ഭക്ഷണം നല്‍കി. വാതില്‍ പൂട്ടി പുറത്തേക്ക് പോകുകയും ചെയ്തു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാന്‍ ഇരുവരും തയ്യാറായില്ല. ഒരേ ഇരിപ്പ് ഇരിക്കേണ്ടി വന്നു ഈ പിതാവിന്.

ഉടനെ അയല്‍വാസികള്‍ വരാപ്പുഴ പോലീസില്‍ വിവരം അറിയിച്ചു. വരാപ്പുഴ എസ്‌ഐ ഷിബുവിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി വയോധികനോട് സംസാരിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്. ആലുവ എന്‍എഡിക്ക് സമീപം മൂത്ത മകളുടെ വാടക വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം വരെ താമസിച്ചിരുന്നത്. അവിടെ നിര്‍ത്താന്‍ അസൗകര്യമുണ്ടെന്നു പറഞ്ഞാണ് വരാപ്പുഴയിലെ ഇളയ മകന്റെ വീട്ടിലേക്ക് കൊണ്ടുവിടുന്നത്.

വീടിന്റെ മുമ്പില്‍ ഇറക്കിവിട്ട ശേഷം കൂടെ വന്ന കൊച്ചുമകന്‍ പോവുകയും ചെയ്തു. ഇദ്ദേഹത്തിന് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. ഒരാള്‍ പോലും പിതാവിനെ നോക്കുവാന്‍ തുനിഞ്ഞില്ല. ആര്‍ക്കും നോക്കാന്‍ വയ്യെന്ന് തുറന്നടിക്കുകയായിരുന്നു. മക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ സമീപത്തുള്ള വീട്ടിലേക്ക് മാറ്റി ഇരുത്തുകയും ചെയ്തു. വൈകുന്നേരത്തോടെയാണ് മകളെ ഫോണില്‍ കിട്ടിയത്.

സംഭവത്തില്‍ തീര്‍പ്പുണ്ടാകുന്നതുവരെ അച്ഛനെ കൊണ്ടുപോകാന്‍ മൂത്ത മകളോട് പോലീസ് നിര്‍ദേശിച്ചു. തൊട്ടടുത്ത ദിവസം തന്നെ മക്കളെയെല്ലാവരെയും വിളിച്ചുവരുത്തി തീരുമാനം ഉണ്ടാക്കുമെന്ന് വരാപ്പുഴ എസ്‌ഐ ഷിബു അറിയിച്ചു. മരുന്നു കമ്പനിയില്‍ ജോലിയുണ്ടായിരുന്നയാളാണ് ഈ വയോധികന്‍. ഇടപ്പള്ളി ടോളിനു സമീപം നാല് സെന്റ് സ്ഥലവും വീടും സ്വന്തമായിട്ടുണ്ട്. ഒമ്പത് വര്‍ഷം മുമ്പ് ഭാര്യ മരിച്ചതോടെ അവിടത്തെ സ്ഥിര താമസം നിര്‍ത്തി മക്കളുടെ വീടുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു.

Exit mobile version