ശബരിമല പ്രവേശനം; പോലീസ് വിലക്ക് വകവെക്കാതെ കാനനപാതയിലൂടെ അയ്യപ്പന്മാരെ ബലംപ്രയോഗിച്ച് കടത്തിവിട്ട് ബിജെപി പ്രവര്‍ത്തകര്‍

പോലീസിന്റെ അനുമതിക്കായി കാത്തുനിന്ന അയ്യപ്പ ഭക്തരെയാണ് ബിജെപി നേതാക്കള്‍ ബലംപ്രയോഗിച്ച് കാനനപാതവഴി കടത്തിവിട്ടത്.

എരുമേലി: പോലീസ് വിലക്ക് വകവെക്കാതെ കാനനപാതയിലൂടെ അയ്യപ്പന്മാരെ ബലംപ്രയോഗിച്ച് കടത്തിവിട്ട് ബിജെപി പ്രവര്‍ത്തകര്‍. പോലീസിന്റെ അനുമതിക്കായി കാത്തുനിന്ന അയ്യപ്പ ഭക്തരെയാണ് ബിജെപി നേതാക്കള്‍ ബലംപ്രയോഗിച്ച് കാനനപാതവഴി കടത്തിവിട്ടത്. ഇവര്‍ക്കൊപ്പം ബിജെപി പ്രവര്‍ത്തകരും കാനനപാതയിലേക്ക് പ്രവേശിക്കുകയായിരുന്നു.

കാനനപാത വഴിയുള്ള യാത്രയ്ക്കായി ബുധനാഴ്ച രാത്രി എരുമേലിയില്‍ നിന്നും അഴുതയിലെത്തിയ 46 അയ്യപ്പ ഭക്തരെ വനംവകുപ്പ് തടഞ്ഞിരുന്നു. പോലീസ് അനുമതി ലഭിച്ചശേഷമേ ഭക്തരെ കടത്തിവിടൂവെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിയുടെ നേതൃത്വത്തില്‍ അഴുത വനംവകുപ്പ് ഓഫീസിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഭക്തരെ തടഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥരോട് കയര്‍ത്തു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ കടത്തിവിടാനാവില്ലെന്നായിരുന്നു വനപാലകരുടെ മറുപടി.

ഇതിനു പിന്നാലെ മൂന്നു മണിയോടെ വനംവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ച് ബിജെപി പ്രവര്‍ത്തകര്‍ അയ്യപ്പന്മാര്‍ക്കൊപ്പം കാനനപാതയിലേക്കു പ്രവേശിച്ചു.

രാവിലെ എട്ടുമണി മുതല്‍ കാനനപാതയിലൂടെ യാത്ര തുടരാമെന്നായിരുന്നു വനംവകുപ്പ് അധികൃതര്‍ അറിയിച്ചത്. കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടന യാത്രയ്ക്ക് ഇന്നുമുതല്‍ അനുമതി നല്‍കുന്നതിനാലാണ് തടഞ്ഞതെന്നും അധികൃതര്‍ അറിയിച്ചു.

എരുമേലി എസ്‌ഐ ടിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Exit mobile version