കാന്‍സര്‍ രോഗികള്‍ക്കായി മുടി മുടിച്ച് നല്‍കിയ പോലീസ് ഓഫീസര്‍ അപര്‍ണയെ അഭിനന്ദിച്ച് നടി അനുഷ്‌ക ശര്‍മ്മയും

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്.

ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന പോലീസ് ഓഫീസറാണ് അപര്‍ണ ലവകുമാര്‍. കാന്‍സര്‍ രോഗികള്‍ക്കായി തന്റെ നീളന്‍ മുടി മുറിച്ച് നല്‍കിയാണ് അപര്‍ണ താരമായത്. ഓഫീസറെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നടി അനുഷ്‌ക ശര്‍മ്മയും അപര്‍ണയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്. നീളമുള്ള മുടി മുറിച്ച് കൈകളില്‍ പിടിച്ചു നില്‍ക്കുന്ന അപര്‍ണയുടെ ചിത്രമുള്‍പ്പെട്ട വാര്‍ത്ത ഹാര്‍ട്ട് ഇമോജിക്കൊപ്പമാണ് അനുഷ്‌ക പങ്കുവച്ചത്. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് അപര്‍ണ.

മുമ്പ് ചികിത്സക്കിടയില്‍ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടു കിട്ടാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയ വീട്ടുകാര്‍ക്ക് പണയം വയ്ക്കാന്‍ തന്റെ സ്വര്‍ണ്ണ വളകള്‍ നല്‍കിയത് വാര്‍ത്തയായിരുന്നു.കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാനായാണ് 46 കാരിയായ അപര്‍ണ ലവകുമാര്‍ തന്റെ നീളന്‍ മുടി മുറിച്ചു നല്‍കിയത്.

Exit mobile version