അരയ്‌ക്കൊപ്പം പോലും പൊക്കമില്ലാത്ത എന്നെ തന്നെ വേണോ എന്ന് ചോദ്യം, സ്‌നേഹിക്കാന്‍ മനസുള്ളൊരു പെണ്ണിനെ മതിയെന്ന് മറുപടി; ആറടി പൊക്കക്കാരന് മൂന്നടിക്കാരി വധുവായ കഥ ഇങ്ങനെ

സ്വകാര്യ ടയര്‍ കമ്പനിയിലെ ജീവനക്കാരനാണ് തൃശ്ശൂര്‍ സ്വദേശിയായ ജിനില്‍.

തൃശ്ശൂര്‍: കണ്ണില്ല, പ്രായമില്ല മനസാണ് പ്രധാനം എന്ന നിരവധി വിശേഷണങ്ങളാണ് പ്രണയത്തിന് ഉള്ളത്. പ്രായം മറന്ന് പ്രണയിക്കുന്നവരും മുഖഭംഗി അല്ല മനസാണ് പ്രധാനം എന്ന് പറഞ്ഞ് പ്രണയിക്കുന്നവരും പണമല്ല സ്‌നേഹിക്കാനുള്ള കഴിവാണ് മുഖ്യം എന്ന് പറഞ്ഞുള്ള അനവധി പ്രണയ ബന്ധങ്ങള്‍ നാം കണ്ടിട്ടുണ്ട്. പലതും വാര്‍ത്തയില്‍ ഇടംപിടിക്കാറുമുണ്ട്.

അത്തരത്തിലൊന്നാണ് ഇപ്പോള്‍ ഇവിടെയും നിറയുന്നത്. പക്ഷേ വ്യത്യാസമെന്തെന്നാല്‍ ഇവിടെ താരം ആറടി പൊക്കമുള്ള ജിനിലും മൂന്നടി പൊക്കമുള്ള ഏയ്ഞ്ചലുമാണ്. പൊക്കമല്ല, സ്‌നേഹിക്കാനുള്ള മനസുള്ള പെണ്ണിനെ മാത്രം മതിയെന്ന ജിനിലിന്റെ നിലപാടാണ് ഇവരുടെ ജീവിത വിജയം. നിരവധി പേര്‍ ഇവര്‍ക്ക് ആശംസകളുമായി എത്തി. സ്വകാര്യ ടയര്‍ കമ്പനിയിലെ ജീവനക്കാരനാണ് തൃശ്ശൂര്‍ സ്വദേശിയായ ജിനില്‍.

തനിക്ക് പൊക്കമില്ലെന്നും ഒരിക്കല്‍ കൂടി ആലോചിട്ട് പോരെ എന്ന ഏയ്ഞ്ചലിന്റെ ചോദ്യത്തില്‍ ജിനില്‍ തളര്‍ന്നില്ല. സ്‌നേഹിക്കാന്‍ അറിയാവുന്ന പെണ്ണിനെയാണ് ആവശ്യം, അല്ലാതെ ബാഹ്യസൗന്ദര്യം നോക്കിയല്ല എന്നാണ് ജിനില്‍ നല്‍കിയ മറുപടി. ആ വാക്കുകളില്‍ ഒന്ന് ഉറച്ചു. അവരുടെ വിവാഹം. സര്‍ക്കാര്‍ ജോലിക്കായി കഠിന പരിശീലനത്തിലായിരുന്നു കൊല്ലത്തുകാരിയായ എയ്ഞ്ചല്‍. പിഎസ്സി കോച്ചിങ്ങിന് പോകുന്നതിനിടെയാണ് ജീവിതം മറ്റൊരു വഴിയിലേയ്ക്ക് തിരിഞ്ഞത്.

വിവാഹത്തിന് ഇടയാക്കിയ സംഭവത്തെ കുറിച്ച് ഏയ്ഞ്ചല്‍ പറയുന്നു;

”ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല ഒരു വിവാഹ ജീവിതം. ഇത്തിരിയുള്ളവനും ഒത്തിരിയുണ്ടെന്ന് ഭാവിക്കുന്ന കാലമല്ലേ. എന്നെപ്പോലൊരു പെണ്ണിനെ സ്വീകരിക്കാന്‍ ആരെങ്കിലും ഉണ്ടാകുമോ എന്ന ചിന്ത പണ്ടു മുതലേ അലട്ടിയിരുന്നു. ഒരു ഘട്ടത്തില്‍ അത് മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയപ്പോള്‍ വിവാഹമേ വേണ്ടെന്നു തീരുമാനിച്ചതാണ്. വീട്ടുകാരുടെ നിര്‍ബന്ധം നേരത്തെ മുതലുണ്ട്. പിഎസ്സി പരിശീലനത്തിന് ഒപ്പമുള്ള കൂട്ടുകാരികളും നിര്‍ബന്ധിച്ചു.

മാട്രിമോണി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എല്ലാവരും അന്ന് പറഞ്ഞു. എന്റെ പരിമിതികളറിയുന്ന അതിനേക്കാളേറെ മനസറിയുന്ന ഒരു ചെക്കന്‍ മാട്രിമോണി സൈറ്റ് വഴി വരുമെന്ന് അവര്‍ ഉറപ്പ് പറഞ്ഞു. അങ്ങനെ ആ ‘കടുംകൈ’ ചെയ്തു. പിന്നെ, നടന്നത് സിനിമയെ വെല്ലുന്ന നല്ല യമണ്ടന്‍ ട്വിസ്റ്റായിരുന്നു”,

ഏയ്ഞ്ചലിനെ കുറിച്ച് ജിനില്‍ പറയുന്നു;

”ഞാന്‍ വിളിക്കുമ്പോള്‍ ആദ്യം കേട്ടത് എയ്ഞ്ചലിന്റെ ചുറ്റുപാടുകളെക്കുറിച്ചല്ലായിരുന്നു. അവള്‍ പറഞ്ഞത് അവളുടെ പരിമിതികളെക്കുറിച്ച് മാത്രം. മാട്രിമോണി സൈറ്റില്‍ ഫോട്ടോ അപ്ലോഡ് ചെയ്യാത്തതു കൊണ്ടു കൂടിയാകണം വിശദമായി തന്നെ പറഞ്ഞു. എന്നെ സ്വീകരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല എന്നു വരെ പറഞ്ഞു. എനിക്ക് ആറടിയോളം പൊക്കമുണ്ടെന്ന് കൂടി കേട്ടപ്പോള്‍ പുള്ളിക്കാരി ടെന്‍ഷനായി.

പറഞ്ഞതെല്ലാം ഞാന്‍ കേട്ടിരുന്നതേയുള്ളൂ. ഒടുക്കം എന്റെ തീരുമാനം ഞാനങ്ങ് പറഞ്ഞു. പൊക്കവും പൊക്കക്കുറവുമൊക്കെ രൂപത്തിലല്ലേ. എന്നെ സ്‌നേഹിക്കാന്‍ ആകുമെങ്കില്‍ എന്റെ കൂടെ പോരാന്‍ പറഞ്ഞു.’രൂപം ചെറുതെങ്കിലും സ്‌നേഹിക്കാനുള്ള വലിയ മനസ്സൊക്കെയുണ്ട് ചേട്ടാ’ എന്നായിരുന്നു എയ്ഞ്ചലിന്റെ മറുപടി. വേറൊന്നും എനിക്കറിയേണ്ടതില്ലായിരുന്നു. പണമോ… പ്രതാപമോ… ഒന്നും. കണ്ണും പൂട്ടി അതങ്ങുറപ്പിച്ചു. അങ്ങനെ അവള്‍ എന്റെ ജീവിതത്തിലേക്ക് വന്നു.”

Exit mobile version