മരട് ഫ്‌ളാറ്റ്; പൊളിക്കുന്നതിനായി ചെന്നൈ ഐഐടിയുടെ സഹായം തേടി സ്‌നേഹില്‍ കുമാര്‍ സിംഗ്

ഫ്‌ളാറ്റ് പൊളിക്കുന്നതിന് ചെന്നൈ ഐഐടി, കോഴിക്കോട് എന്‍ഐടി, കുസാറ്റ് എന്നിവരുടെ സഹായവും തേടിയെന്നും സ്‌നേഹില്‍ കുമാര്‍ പറഞ്ഞു.

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചീനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സഹായം തേടുമെന്ന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് നഗരസഭ സെക്രട്ടറിയുടെ ചുമതലയോടെ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ഉദ്യോഗസ്ഥനാണ് സ്‌നേഹില്‍ കുമാര്‍ സിംഗ്.

ഫ്‌ളാറ്റ് പൊളിക്കുന്നതിന് ചെന്നൈ ഐഐടി, കോഴിക്കോട് എന്‍ഐടി, കുസാറ്റ് എന്നിവരുടെ സഹായവും തേടിയെന്നും സ്‌നേഹില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ ഫ്‌ലാറ്റ് പൊളിക്കല്‍ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒക്ടോബര്‍ നാലിന് പൊളിച്ചുതുടങ്ങുമെന്നായിരുന്നു നഗരസഭ നേരത്തെ വ്യക്തമാക്കിയിരുന്നത്.

ഫ്‌ളാറ്റുടമകളെ ഒഴിയാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ വിഛേദിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. ഇതിനായി കെഎസ്ഇബിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും സഹായം തേടാനാണ് പോലീസിന്റെയും തീരുമാനം. വെളളിയാഴ്ചക്കകം കണക്ഷന്‍ വിഛേദിക്കാനാണ് നഗരസഭ നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പാചകവാതകവും വൈദ്യുതിയും റദ്ദ് ചെയ്താലും ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോവില്ലെന്നും മറ്റ് നടപടികള്‍ നോക്കുമെന്നുമുള്ള നിലപാടില്‍ ആണ് ഫ്‌ളാറ്റ് ഉടമകള്‍.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതോടെയാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയത്.

Exit mobile version