പി ജയരാജന്‍ ബിജെപിയിലേക്കെന്ന വ്യാജ പ്രചാരണം; മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍

ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാറും മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളുമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

P Jayarajan | Bignewslive

കോഴിക്കോട്: സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍ ബിജെപിയിലേയ്ക്ക് എന്ന വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറത്ത് നിന്നാണ് അറസ്റ്റിലായിരിക്കുന്നത്. ഭിന്നശേഷിക്കാരനായ എടവണ്ണ സ്വദേശി ചാത്തല്ലൂര്‍ വലിയ പീടിയേക്കല്‍ കെ നൗഷാദാണ് അറസ്റ്റിലായത്.

കണ്ണൂര്‍ ടൗണ്‍ പോലീസ് ആണ് നൗഷാദിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ മലപ്പുറത്തു നിന്ന് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിലാണ് പി ജയരാജന്‍ ബിജെപിയിലേയ്ക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത്. സംഭവത്തില്‍ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു. ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാറും മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളുമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. സംഘപരിവാര്‍ അനുകൂല ടെലിവിഷന്‍ ചാനലിന്റെ ലോഗോ വച്ച പോസ്റ്ററുകള്‍ അടക്കം ഉപയോഗിച്ച് സംഘപരിവാര്‍ ഗ്രൂപ്പുകളും മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളിലുമാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

Exit mobile version