ഇനി ഇവര്‍ ഉയരങ്ങളില്‍ എത്തും; സര്‍ക്കാര്‍ പദ്ധതിയായ സാമൂഹ്യപഠനമുറി വിജയകരമായി മുന്നോട്ട്

തിരുവനന്തപുരം; ആദിവാസി മേഖലയിലെ കുട്ടികളെ മാറ്റിയെടുത്ത് വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടം കൈവരിക്കാന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച സാമൂഹ്യപഠനമുറി വിജയകരമായി മുന്നോട്ട്. വീടുകളില്‍ പഠിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് ഒന്നു ചേര്‍ന്ന് പഠിക്കാന്‍ നൂറ് സാമൂഹ്യ പഠനമുറികള്‍ വീണ്ടു തുടങ്ങാന്‍ തീരുമാനിച്ചു.

പഠിക്കാന്‍ കഴിവുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത നിരവധി കുട്ടികള്‍ നമ്മുടെ ആദിവാസി ഊരുകളിലുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പല കുട്ടികള്‍ക്കും സ്‌കൂള്‍ ചുറ്റുപാടുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. ഇത്തരം സാഹചര്യങ്ങളെ മാറ്റിയെടുത്ത് വിദ്യാഭ്യാസരംഗത്ത് നമ്മുടെ കുട്ടികളെ കൈപിടിച്ചുയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമമാണ് സാമൂഹ്യപഠനമുറി.

ട്യൂഷന്‍ നല്‍കുക, അധികവായനയ്ക്ക് ലൈബ്രറി സൗകര്യം ഏര്‍പ്പെടുത്തുക, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ ഉപയോഗിക്കാന്‍ പഠിപ്പിക്കുക തുടങ്ങിയവയാണ് സാമൂഹ്യപഠനമുറിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇരുന്ന് പഠിക്കാനുള്ള ബഞ്ച്, ഡസ്‌ക്, ഒരു ടിവി, രണ്ട് കമ്പ്യൂട്ടര്‍, എല്‍ഇഡി ഡിസ്‌പ്ലെ മോണിറ്റര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, വൈറ്റ് ബോര്‍ഡ്, എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.

രണ്ട് വര്‍ഷം മുന്‍മ്പ് തന്നെ വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യപഠനമുറികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.
2972 പേരാണ് ഇവിടെ പഠിച്ചുവരുന്നത്. രണ്ടാംഘട്ടമായി അഞ്ഞൂറ് സാമൂഹ്യ പഠനമുറികള്‍ കൂടി ആരംഭിക്കാന്‍ തീരുമാനിക്കികയും 150 പഠനമുറികള്‍ക്ക് ഭരണാനുമതി നല്‍കുകയും ചെയ്തു. ഇതില്‍ 46 എണ്ണം പൂര്‍ത്തിയായി.

കുട്ടികളുടെ ട്യൂഷനും സ്ഥാപനത്തിന്റെ മേല്‍നോട്ടവും വഹിക്കാനായി ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കും. ഊരുകളില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കുന്ന, ടിടിസി, ബിഎഡ് തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കും ഫെസിലിറ്റേറ്റര്‍മാര്‍. അവര്‍ക്ക് പ്രതിമാസം 15,000 രൂപ ഓണറേറിയവും സര്‍ക്കാര്‍ നല്‍കും.

ചുരുക്കത്തില്‍ സര്‍ക്കാര്‍ പദ്ധതിയായ സാമൂഹ്യപഠനമുറി വന്‍ വിജയത്തിലേക്കാണ് സഞ്ചരിച്ച്‌കൊണ്ടിരിക്കുന്നത്. ആദിവാസിയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മികച്ച വിദ്യാഭ്യാസം നല്‍കി മുന്‍പന്തിയില്‍ എത്തിക്കുക, തൊഴില്‍ ഇല്ലാത്ത ആദിവാസി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക, ഊരുകളെ ആധുനിക വാര്‍ത്താ വിനിമയ മാര്‍ഗങ്ങളിലൂടെ പുറം ലോകവുമായി ബന്ധപ്പെടുത്തുക, എന്നീ മൂന്ന് ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സര്‍ക്കാറിന്റെ ഇത്തരം പദ്ധതികള്‍ ആദിവാസി മേഖലയില്‍ മാറ്റം ഉണ്ടാക്കും എന്നത് ഉറപ്പാണ്.
തങ്ങളുടെ ആഗ്രഹങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാതെ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പോവുകയാണ് ഇപ്പോള്‍ കുട്ടികള്‍.

Exit mobile version