കച്ചവടക്കാര്‍ക്ക് അനുഗ്രഹമായി പാലാ ഉപതെരഞ്ഞെടുപ്പ്; കൈതച്ചക്ക കൂട്ടത്തോടെ വാങ്ങി യുഡിഎഫ് പ്രവര്‍ത്തകര്‍, ആഹ്ലാദത്തില്‍ കര്‍ഷകരും

യുഡിഎഫ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെയാണ് കൈതച്ചക്ക വാങ്ങുവാന്‍ എത്തുന്നത്.

പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് കൊണ്ട് ശരിക്കും കോളടിച്ചത് കൈതച്ചക്ക കച്ചവടക്കാര്‍ക്കാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ കിട്ടിയത് കൈതച്ചക്കയായിരുന്നു. അതു തന്നെയാണ് കച്ചവടക്കാര്‍ക്കും കോളടിക്കാന്‍ കാരണമായത്.

യുഡിഎഫ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെയാണ് കൈതച്ചക്ക വാങ്ങുവാന്‍ എത്തുന്നത്. ഇതോടെ പാലായിലെ കൈതച്ചക്കയുടെ വില്‍പ്പനയില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടികള്‍ക്കെത്തുന്ന പ്രവര്‍ത്തകരെല്ലാം കൈതച്ചക്ക കൈയ്യിലെടുത്തതോടെ പിന്നെ കച്ചവടം പൊടിപൊടിച്ചു.

കച്ചവടക്കാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ബംപര്‍ അടിച്ചതിനു തുല്യമായി. റാലികളിലും വേദിയിലെ അലങ്കാരത്തിനുമെല്ലാം കൈതച്ചക്ക സ്ഥാനം പിടിച്ചപ്പോള്‍ കച്ചവടം ഒന്നു കൂടി ഉഷാറായി. വിലകുറഞ്ഞതിന്റെ പ്രതിസന്ധിയൊക്കെ കൈതച്ചക്ക ചിഹ്നമായതോടെ മാറിയെന്നും പാലായിലെ കച്ചവടക്കാര്‍ പറയുന്നു.

Exit mobile version