ഇവിടെ മൂര്‍ഖന്‍ ശല്യം രുക്ഷം; നടുറോഡില്‍ പത്തി വിടര്‍ത്തി നിന്ന പാമ്പുകള്‍ കാരണം ഗതാഗതം മുടങ്ങി

ആലപ്പുഴ; ആലപ്പുഴ നടുറോഡില്‍ മൂര്‍ഖന്‍ പാമ്പുകള്‍ പത്തിവിടര്‍ത്തി നിന്നതിനാല്‍ ഗതാതഗതം തടസപ്പെട്ടത് മിനിറ്റുകളോളം. ആലപ്പുഴ എഎസ് കനാലിന്റെ കിഴക്കേക്കരയില്‍ റോഡിലാണ് മൂര്‍ഖന്‍ ശല്യം രൂക്ഷം.

ഇന്നലെ രാവിലെ 9.15ന് സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളിന് മുന്നിലെ റോഡിലാണ് പാമ്പുകളെ കണ്ടത്. എഎസ് കനാലിലേക്ക് മറിഞ്ഞുകിടക്കുന്ന തണല്‍ മരത്തിന്റെ പൊത്തിലാണ് പാമ്പുകളുടെ താവളം. ഇവിടെ നിന്നും പാമ്പുകള്‍ ഇടയ്ക്ക് പുറത്തേയ്ക്ക് ചാടാര്‍ ഉണ്ട്. കഴിഞ്ഞ ദിവസം പുറത്തേക്ക് ചാടിയ മൂര്‍ഖന്‍ പാമ്പുകള്‍ കാരണം മിനിറ്റുകളോളമാണ് റോഡില്‍ ഗതാഗതം തസപ്പെട്ടത്. വണ്ടിയില്‍ വന്ന പലരും പാമ്പിനെ കണ്ട് ഭയന്ന് നിന്നു.

രാവിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റി വന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് റോഡിലേക്കു കയറിവന്ന പാമ്പുകളെ ആദ്യം കണ്ടത്. എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാര്‍ പകച്ചുനിന്നപ്പോള്‍ മൂര്‍ഖന്‍ പാമ്പുകള്‍ റോഡില്‍നിന്ന് മരപ്പൊത്തിലേക്കു പാഞ്ഞുകയറി. പ്രഭാതസവാരിക്കായി സ്ത്രീകളടക്കം ഒട്ടേറെപ്പേര്‍ ഉപയോഗിക്കുന്ന റോഡാണിത്. മട്ടാഞ്ചേരി പാലം മുതല്‍ കലവൂര്‍വരെ എഎസ് കനാലില്‍ പാമ്പും മാലിന്യവും കൊതുകും നിറഞ്ഞിട്ട് വര്‍ഷങ്ങളായി. ഒട്ടേറെ തണല്‍ മരങ്ങളും കനാലിലേക്കു വീണു കിടക്കുന്നുണ്ട്. കനാലില്‍ പോളയും നിറഞ്ഞുകിടക്കുകയാണ്.

നഗരത്തില്‍ കനാല്‍ നവീകരണവും ശുചീകരണവും നടക്കുന്നുണ്ടെങ്കിലും എസി കനാല്‍ അധികൃതര്‍ കണ്ട മട്ടില്ല. നഗരത്തിലെ കനാലുകളുടെ നവീകരണം കഴിഞ്ഞ ശേഷം എഎസ് കനാല്‍ നവീകരണം തുടങ്ങുമെന്നാണ് ജലസേചന വകുപ്പ് അധികൃതര്‍ പറയുന്നത്.

Exit mobile version