മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി വെട്ടേറ്റ് മരിച്ചു

മദ്യപിക്കുന്നിതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂരമായ കൊലപാത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു

തിരുവനന്തപുരം: നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയായ പോത്ത് ഷാജി(45) വെട്ടേറ്റ് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് ഷാജി മരണപ്പെട്ടത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഷാജിയുടെ ബന്ധുവായ സജീദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മദ്യപിക്കുന്നിതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി സജീദും ഷാജിയും ചേര്‍ന്ന് വിതുരയിലെ ബാറില്‍ വെച്ച് മദ്യപിക്കുന്നതിനിടെയാണ് വാക്ക് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വീട്ടിലെത്തിയ ഷാജിയെ സജീദ് പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു.

തലയില്‍ ആഴത്തില്‍ വെട്ടേറ്റിരുന്നു. ഇതാണ് മരണത്തിന് ഇടയാക്കിയത്. വെള്ളിയാഴ്ചയാണ് ഷാജിയെ വെട്ടിവീഴ്ത്തിയത്. പലോട്, വിതുര, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളില്‍ യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതടക്കം 40ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഷാജി.

Exit mobile version