മരട് ഫ്‌ളാറ്റ്; കോടതി വിധി നടപ്പാക്കാന്‍ തയ്യാര്‍; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സര്‍ക്കാര്‍

ഫ്‌ളാറ്റ് പൊളിച്ച് മാറ്റാന്‍ കോടതി അനുവദിച്ച സമയപരിധി ഇന്ന് തീരാനിരിക്കെയാണ് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്

ഡല്‍ഹി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി കൈക്കൊണ്ട നടപടികളും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഫ്‌ളാറ്റുടമകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കി, പൊളിച്ച് മാറ്റാന്‍ ടെന്‍ഡര്‍ നല്‍കി. നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി തുടങ്ങിയ കാര്യങ്ങളാണ് ചീഫ് സെക്രട്ടറി വിശദീകരിക്കുന്നത്. നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയും ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കൂടാതെ കോടതി അനുവദിച്ച സമത്ത് ഉത്തരവ് നടപ്പാക്കിയെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.

ഫ്‌ളാറ്റ് പൊളിച്ച് മാറ്റാന്‍ കോടതി അനുവദിച്ച സമയപരിധി ഇന്ന് തീരാനിരിക്കെയാണ് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇന്ന് വിധി നടപ്പാക്കിയ ശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

Exit mobile version