ശബരിമല പ്രശ്നം ഒഴിവാക്കാനുള്ള ഏകവഴി ക്ഷേത്രം ഞങ്ങള്‍ക്ക് തിരിച്ചു നല്‍കല്‍; മലയര മഹാസഭ

എല്ലാ രാഷ്ടീയ കക്ഷികളും സംഘടനകളും അങ്ങനെ ചിന്തിച്ചു നോക്കണമെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും മലയരയരുടെ തീരുമാനത്തിനു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഏകമാര്‍ഗ്ഗം ക്ഷേത്രം മലയരയര്‍ക്കു കൈമാറുക എന്നതാണെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് പറഞ്ഞു.

എല്ലാ രാഷ്ടീയ കക്ഷികളും സംഘടനകളും അങ്ങനെ ചിന്തിച്ചു നോക്കണമെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും മലയരയരുടെ തീരുമാനത്തിനു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”800 വര്‍ഷം അവര്‍ നോക്കി നടത്തിയപ്പോള്‍ അവിടെ ഒരു സംഘര്‍ഷവും ഉണ്ടായില്ലല്ലോ, നമ്മുടെ ജനത തമ്മില്‍ തല്ലി മാറി നില്‍ക്കേണ്ടവരല്ല. മലയാളികള്‍ ഒരുമിച്ചു നില്‍ക്കേണ്ടവരാണ്. ലോകത്തിലൊരിടത്തും അവരുടെ തല കുനിക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ആത്മീയത പോലെ തന്നെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും ശബരിമല ക്ഷേത്രം വലിയ സംഭാവന ചെയ്യുന്നുണ്ട്. മണ്ഡലകാലം വരുന്നതോടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പുരോഗതിയുടെ കാലവുമാണെന്ന് മറക്കാതിരിക്കുക. സര്‍വ്വകക്ഷി യോഗം ചര്‍ച്ച ചെയ്യേണ്ടത് അതാണ്. ഇനി കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം തേടാന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നുവെങ്കില്‍ മലയരയ സമുദായത്തെകൂടി കേള്‍ക്കണം. ഇതിനായി എല്ലാവരും ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും പികെ സജീവ് പറഞ്ഞു.

ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാര്‍ മലയരയവിഭാഗമായിരുന്നുവെന്നും 1902ല്‍ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും നേരത്തെ പി കെ സജീവ് വ്യക്തമാക്കിയിരുന്നു. മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരായിരുന്നു. ഈ 18 മലകളെയാണ് ശബരിമലയിലെ 18 പടികള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മലയരവിഭാഗമാണ് കാലാകാലങ്ങളായി കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂര്‍ണമായും തട്ടിപ്പറിച്ചെടുത്തു. 1883ല്‍ സാമുവല്‍ മറ്റീര്‍ എഴുതിയ നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് വ്യക്തമാക്കിയിരുന്നു.

Exit mobile version