കോഴിയിറച്ചി വാങ്ങിയാല്‍ ഫ്രിഡ്ജ് സമ്മാനം; നാട്ടുകാര്‍ക്ക് പുത്തന്‍ ഓഫറുമായി ഒരു വ്യാപാരി, കടയിലേയ്ക്ക് ഇടിച്ച് കയറി ജനങ്ങള്‍, ദിവസം വിറ്റഴിയുന്നത് അഞ്ച് കിന്റല്‍ ഇറച്ചി

നറുക്കെടുപ്പിലൂടെയാണ് ഫ്രിഡ്ജും മറ്റ് പ്രോത്സാഹനസമ്മാനങ്ങളും ലഭിക്കുക.

തരുവണ: വയനാട്ടിലെ തരുവണ എന്ന സ്ഥലത്തെ ജനങ്ങള്‍ ഇപ്പോള്‍ ഇരച്ചു കയറുന്നത് ഒരു കടയിലേയ്ക്ക് മാത്രമാണ്. അതിനു തക്കതായ കാരണവും ഉണ്ട്. ഇവിടെ ഒരു കിലോ കോഴിയിറച്ചി വാങ്ങിയാല്‍ ഒരു ഫ്രിഡ്ജാണ് സമ്മാനമായി ലഭിക്കുന്നത്. പക്ഷേ ഭാഗ്യം തുണയ്ക്കണം എന്ന് മാത്രം. ഓണത്തിന് കോഴിയിറച്ചിയുടെ കൂടെ ബിരിയാണി അരിയും പച്ചക്കറിയും സൗജന്യമായി കൊടുത്ത തരുവണയിലെ വ്യാപാരി തന്നെയാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന ഓഫര്‍ മുന്‍പോട്ട് വെച്ചത്.

നറുക്കെടുപ്പിലൂടെയാണ് ഫ്രിഡ്ജും മറ്റ് പ്രോത്സാഹനസമ്മാനങ്ങളും ലഭിക്കുക. ഇപ്പോള്‍ ഓഫര്‍ കണ്ട് ഈ കടയിലേയ്ക്ക് ജനങ്ങളുടെ കുത്തൊഴുക്കാണ്. ഒരു കിലോ കോഴി വാങ്ങിയാല്‍ തരുവണ ബിസ്മി ചിക്കന്‍ സ്റ്റാളില്‍ നിന്നും ഒരു സമ്മാനകൂപ്പണ്‍ കൂടി കിട്ടും. അത് പൂരിപ്പിച്ച് ബോക്‌സിലിടണം. ഇരുപത് ദിവസം കൂടുമ്പോഴാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ ഫ്രിഡ്ജ് കടയുടെ മുന്നില്‍ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രണ്ടാം സമ്മാനം ഇന്‍ഡക്ഷന്‍ കുക്കറും മൂന്നാമത് ഡിന്നര്‍ സെറ്റുമാണ്. ഇതോടെയാണ് കടയിലേയ്ക്ക് തള്ളി കയറ്റം തുടങ്ങിയത്. സമ്മാനം കിട്ടുമെന്ന പ്രതീക്ഷയോടെ കോഴി വാങ്ങുന്നവരുണ്ട്. ഇപ്പോള്‍ ഒരു ദിവസം അഞ്ച് കിന്റല്‍ ഇറച്ചി വിറ്റുപോകുന്നുണ്ടെന്ന് കടയുടമ പറയുന്നു. ഇതിലും വലിയ സമ്മാനങ്ങള്‍ വരാനിരിക്കുന്നുണ്ടെന്ന് വാഗ്ദാനം.

Exit mobile version