റോഡ് മുറിച്ചു കടക്കുന്നതിനിടെ നെഞ്ചുവേദനയും തളര്‍ച്ചയും; വയോധികന്റെ ജീവന്‍ രക്ഷിച്ച് വനിതാ പോലീസ്, അഭിനന്ദനപ്രവാഹം

ബാബുവിന്റെ വീട്ടില്‍ നിന്ന് ബന്ധുക്കളെത്തിയ ശേഷമാണ് മഹിളാമണി മടങ്ങിയത്.

കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട വയോധികന്റെ ജീവന്‍ രക്ഷിച്ച് വനിതാ പോലീസ്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ മഹിളാമണിയാണ് വയോധികന് രക്ഷയായി എത്തിയത്. വെള്ളിയാഴ്ച രാവിലെ കലൂരിലെ തിരക്കേറിയ ട്രാഫിക്കില്‍ വച്ചാണ് റോഡ് കടക്കാന്‍ ബുദ്ധിമുട്ടിയ പോണേക്കര സ്വദേശി ബാബുവിനെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടനെ അദ്ദേഹത്തിന്റെ അടുത്തെത്തി ബാബുവിനെ റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ചു. ഇതിനിടെയാണ് ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബാബു മഹിളാമണിയുടെ കൈയ്യില്‍ മുറുകെ പിടിച്ചു. വയ്യെന്ന് പറഞ്ഞതോടെ റോഡിനു സമീപത്തായി പിടിച്ചു ഇരുത്തി. ശേഷം സമീപത്തെ ഹോട്ടലില്‍നിന്നു വെള്ളം വാങ്ങി കൊടുത്തെങ്കിലും ഉടനെ ഛര്‍ദ്ദിച്ചു.

ബോധം മറയുന്നതിനു മുന്‍പ് ബാബുവില്‍ നിന്നു ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ മഹിളാമണി വാങ്ങി വിവരം കൈമാറി. ഉടന്‍ തന്നെ ഓട്ടോ വിളിച്ച് ബാബുവിനെ മഹിളാമണി ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ ഹൃദയത്തില്‍ രണ്ട് ബ്ലോക്കുള്ളതായും സമയത്തിന് എത്തിച്ചത് കൊണ്ടാണ് ജീവന്‍ രക്ഷിക്കാനായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ആന്‍ജിയോഗ്രാം കഴിഞ്ഞ് നിരീക്ഷണത്തിലാണ് ബാബു ഇപ്പോള്‍. ബാബുവിന്റെ വീട്ടില്‍ നിന്ന് ബന്ധുക്കളെത്തിയ ശേഷമാണ് മഹിളാമണി മടങ്ങിയത്. അപരിചിതനായ ഒരു മനുഷ്യനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മഹിളാമണിയെ സഹപ്രവര്‍ത്തകരും നാട്ടുകാരും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.

Exit mobile version