വീണ്ടും നെറ്റ് ബാങ്കിംഗ് തട്ടിപ്പ്; കുസാറ്റ് മുന്‍ വൈസ് ചാന്‍സ്‌ലര്‍ക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷം, തട്ടിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്ന്

രണ്ട് തവണയായാണ് പണം പിന്‍വലിച്ചിരിക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നെറ്റ് ബാങ്കിംഗ് തട്ടിപ്പ്. ഇത്തവണ ഇരയായത് കൊച്ചി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സ്‌ലര്‍ ജെ ലതയാണ്. ഇവരുടെ അക്കൗണ്ടില്‍ നിന്ന് അജ്ഞാത സംഗം രണ്ട് ലക്ഷം രൂപയാണ് തട്ടിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കുസാറ്റ് ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.

ബാങ്കില്‍ നിന്നാണ് എന്ന് പറഞ്ഞാണ് അജ്ഞാത സംഘത്തിന്റെ ശബ്ദസന്ദേശവും ഫോണ്‍ വിളിയും ലതയ്ക്ക് ലഭിക്കുന്നത് വെള്ളിയാഴ്ച രാവിലെയാണ്. ആര്‍ബിഐയുടെ നിര്‍ദ്ദേശ പ്രകാരം വിളിക്കുന്നുവെന്ന് വ്യക്തമാക്കിയ ഫോണ്‍ കോളില്‍ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ആയിയെന്നും പുതിയ ചിപ്പ് വച്ച കാര്‍ഡ് നല്‍കാന്‍ വേണ്ടിയുമാണ് വിളിക്കുന്നതെന്നായിരുന്നു സന്ദേശം.

ഇവരുടെ നിര്‍ദ്ദേശമനുസരിച്ച് രണ്ട് തവണ മൊബൈലിലേക്ക് വന്ന ഒടിപി ലത ഇവര്‍ക്ക് നല്‍കുകയും ചെയ്തു. ഇതിനു ശേഷമാണ് പണം നഷ്ടപ്പെട്ടത്. രണ്ട് തവണയായാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായാണ് ലതയ്ക്ക് സന്ദേശം ലഭിച്ചത്. ശേഷം വാട്‌സ്ആപ്പ് സന്ദേശം വന്ന നമ്പറില്‍ തിരിച്ച് വിളിച്ചെങ്കിലും പ്രതികരിച്ചില്ല. പിന്നീട് ബ്രാഞ്ചുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പായിരുന്നു എന്ന് മനസിലായത്.

Exit mobile version