പഴയ ഗ്ലാസ് ഇറക്കുന്നതിന് ചുമട്ടുതൊഴിലാളികള്‍ ചോദിച്ചത് താങ്ങാനാവാത്ത നിരക്ക്; ഒടുവില്‍ ഗ്ലാസ് സ്വന്തമായി ഇറക്കി കെട്ടിടം ഉടമയും ഭാര്യയും, സംഭവം കൊച്ചിയില്‍

അറുപത് കിലോയോളം തൂക്കമുള്ള 58 ഗ്ലാസുകളാണ് അരവിന്ദും ഭാര്യ ഷീബയും ചേര്‍ന്ന് ഇറക്കിയത്.

കൊച്ചി: പഴയ ഗ്ലാസ് ഇറക്കുന്നതിന് ചുമട്ടുതൊഴിലാളികള്‍ അമിത നിരക്ക് ഈടാക്കിയതില്‍ പ്രതിഷേധിച്ച് സ്വന്തമായി ഗ്ലാസുകള്‍ ഇറക്കി കെട്ടിടം ഉടമയും ഭാര്യയും. രണ്ട് ലോഡ് ഗ്ലാസുകളാണ് ഇവര്‍ തനിയെ ഇറക്കിയത്. കഴിഞ്ഞ ബുധനാഴ്ച കൊച്ചി എളംകുളം ജംഗ്ഷനിലാണ് സംഭവം. അറുപത് കിലോയോളം തൂക്കമുള്ള 58 ഗ്ലാസുകളാണ് അരവിന്ദും ഭാര്യ ഷീബയും ചേര്‍ന്ന് ഇറക്കിയത്.

കലൂരില്‍ നിന്ന് ചതുരശ്രയടിക്ക് പത്തുരൂപ നിരക്കില്‍ കൊണ്ടുവന്ന പഴയ ഗ്ലാസുകള്‍ എളംകുളത്തെ കെട്ടിടത്തില്‍ ഇറക്കുന്നതിനാണ് തൊഴിലാളികള്‍ അമിത നിരക്ക് ചോദിച്ചത്. ചതുരശ്രയടിക്ക് ഇരുപത്തിയഞ്ച് രൂപയാണ് ഇവര്‍ ആവശ്യപ്പെട്ട തുക.

ചുരുക്കത്തില്‍ പതിനായിരം രൂപയില്‍താഴെ മുടക്കിയ സാധനം ഇറക്കുന്നതിന് ഇരുപത്തി അയ്യായിരം രൂപയിലേറെ നല്‍കണമെന്ന് സാരം. ഇതിനെ കെട്ടിടം ഉടമ ചോദ്യം ചെയ്യുകയും ചെയ്തു. ശേഷം ഉടമസ്ഥരെയല്ലാതെ ആരെയും ഗ്ലാസിറക്കാന്‍ അനുവദിക്കില്ലെന്ന് തൊഴിലാളികളും നിലപാടെടുത്തു. ഇതോടെ ദമ്പതികള്‍ തന്നെ ഗ്ലാസ് ഇറക്കുകയായിരുന്നു.

Exit mobile version