തേക്കടിയില്‍ ബോട്ടിംഗ് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ; തീരുമാനത്തിനെതിരെ പ്രതിഷേധം

ഇടുക്കി: തേക്കടിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ നയത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാവുന്നു. ബോട്ടിംഗ്, ഓണ്‍ലൈന്‍ ബുക്കിങിലൂടെ മാത്രം മതിയെന്നതടക്കമുള്ള പുതിയ തീരുമാനങ്ങള്‍ ടൂറിസം മേഖലയെ ബാധിക്കുമെന്നാണ് വ്യാപാരികള്‍ അടക്കമുള്ളവരുടെ പരാതി.

പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ് തേക്കടി.
പലസ്ഥലങ്ങളില്‍ നിന്നും താങ്ങാവുന്നതിലും അധികം വിനോദസഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്.
ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ടൂറിസം യോഗത്തില്‍ തീരുമാനമായത്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന തേക്കടിയില്‍ സഞ്ചാരികളുടെ ആധിക്യം വലിയ രീതിയിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് വനംമന്ത്രി യോഗത്തില്‍ വാദിച്ചത്.

വിനോദസഞ്ചാരികള്‍ കൂടുതലും എത്തിച്ചേരുന്ന സ്ഥലമാണ് തേക്കടി. ഈ സാഹചര്യത്തില്‍ സഞ്ചാരികളുടെ വരവില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി ബോട്ടിംഗ് അടക്കമുള്ള മുഴുവന്‍ ടൂറിസം പരിപാടികളും ഓണ്‍ ലൈന്‍ സംവിധാനത്തിലാക്കിയാല്‍ ആളെ കുറക്കാം എന്നാണ് തീരുമാനം. എന്നാല്‍ പ്രളയത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന വിനോദ സഞ്ചാര മേഖലകള്‍ക്ക് ഇത് തിരിച്ചടിയാവും എന്നാണ് വ്യാപാരികളുടെ വാദം. തീരുമാനത്തില്‍ മാറ്റം വന്നില്ലെങ്കില്‍ ശക്തമായ നടപടിക്ക് ഒരുങ്ങാനാണ് തേക്കടി സംരക്ഷണസമിതിയുടെ തീരുമാനം.

Exit mobile version