‘കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുത്’; ശബരിമല വിഷയത്തില്‍ ഹൈക്കോടതി

കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുതെന്നും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനം കൊണ്ടുവന്നതെന്നും കോടതി വ്യക്തമാക്കി.

കൊച്ചി: മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുതെന്നും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനം കൊണ്ടുവന്നതെന്നും കോടതി വ്യക്തമാക്കി. തിരശീലയ്ക്ക് പിന്നിലിരുന്ന് ചിലര്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

സ്വന്തം സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍നിന്ന് പാസ് വാങ്ങിയാണ് തീര്‍ത്ഥാടകര്‍ ഇനി ശബരിമല യാത്ര ചെയ്യേണ്ടത്. പോലീസ് പാസില്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കില്ല.

ബേസ് ക്യാമ്പായ നിലയ്ക്കല്‍ വരെ മാത്രമേ തീര്‍ഥാടകരുടെ വാഹനങ്ങള്‍ എത്താന്‍ അനുവദിക്കുകയുള്ളൂ. ഇവിടെ നിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രമാകും പമ്പയിലേക്കുള്ള യാത്ര. ഇതിനായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

നേരിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്കായി നിലയ്ക്കലില്‍ സൗകര്യമൊരുക്കും. ദര്‍ശനസമയം കണക്കാക്കി 48 മണിക്കൂര്‍ ഉപയോഗിക്കാവുന്ന, നിലയ്ക്കല്‍ പമ്പ നിലയ്ക്കല്‍ റൗണ്ട് ട്രിപ് ടിക്കറ്റ് ആണ് നല്‍കുക. 48 മണിക്കൂറിനുള്ളില്‍ തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞു മടങ്ങണം.

Exit mobile version