ആലുവയില്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുക പതിവ്; സംഭവത്തില്‍ മുന്നൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

ആലുവ: ട്രെയിന്‍ ചങ്ങല വലിച്ച് സ്ഥിരമായി ഇറങ്ങിയോടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ബംഗാളില്‍ നിന്ന് എറണാകുളത്തേക്കുള്ള ഹൗറ എക്‌സ്പ്രസില്‍ നിന്നാണ് സംഭവം. ആലുവയില്‍ നിന്ന് ചങ്ങല വലിയുന്നത് പതിവായതോടെ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കാന്‍ തുടങ്ങി. സംഭവത്തില്‍ മുന്നൂറോളം ഇതര സംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്.

പശ്ചിമ ബംഗാളില്‍ നിന്ന് എറണാകുളത്തേക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ ഏറിയ പങ്കും ആശ്രയിക്കുന്നത് ഹൗറ എറണാകുളം എക്‌സ്പ്രസിനെയാണ്. ഇതില്‍ മുന്‍കൂട്ടിയുള്ള ബുക്കിംഗ് ഇല്ലാത്തതിനാല്‍ തത്സമയ കൗണ്ടര്‍ ടിക്കറ്റ് ഉപയോഗിച്ചാണ് ഏറിയ പങ്കും ആളുകള്‍ സഞ്ചരിക്കുന്നത്. നേരത്തെ ഹൗറ എറണാകുളം എക്‌സ്പ്രസ് ആലുവയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആലുവയിലുള്ള സ്റ്റോപ്പ് നിര്‍ത്തലാക്കി. ഇതോടെ ഇവിടെ ഇറങ്ങേണ്ട ആളുകള്‍ കണ്ടെത്തിയ വഴിയാണ് ഇത്.

രാവിലെ 5.50നാണ് ട്രെയിന്‍ സാധാരണഗതിയില്‍ ആലുവയില്‍ എത്താര്‍. ഈ സമയത്ത് ചങ്ങല ആരെങ്കിലും വലിക്കും. ട്രെയിന്‍ നിര്‍ത്താനുള്ള സമയമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി ഇറങ്ങിയോടും. രാവിലെ ചെക്കിങ് കുറവായിരിക്കും. അതിനാല്‍ തന്നെ ചങ്ങല വലിക്കുന്നത് ആരാണെന്ന് കണ്ടെത്താന്‍ സാധിക്കാറില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ രണ്ട് മണിക്കൂര്‍ താമസിച്ചാണ് എത്തിയത്. എട്ട് മണിക്ക് എത്തിയ ട്രെയിന്‍ ആലുവയെത്തിയപ്പോള്‍ ആരോ അപായ ചങ്ങല വലിച്ച് നിര്‍ത്തി. രണ്ടായിരത്തോളം തൊഴിലാളികള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയോടി. എന്നാല്‍ ചങ്ങല വലിക്കുന്നവരെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ തെയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. ഇതോടെ ഇറങ്ങിയോടിയ മുന്നൂറോളം പേരെയാണ് ആര്‍പിഎഫ് പിടികൂടിയത്.
പിടികൂടിയവരില്‍ ഏറിയ പങ്കും എറണാകുളം വരെ ടിക്കറ്റ് എടുത്തവരാണ്.

സംഭവത്തില്‍ പിടിക്കപ്പെട്ടവരെ വിശദമായി ചോദ്യം ചെയ്യ്തപ്പോള്‍ ചങ്ങലവലിച്ചയാള്‍ കുറ്റം സമ്മതിച്ചു. എറണാകുളം എത്തിയതിന് ശേഷം തിരികെ ആലുവയിലേക്ക് പോവുക പ്രയാസകരമാണ് ഇതിനാലാണ് ചങ്ങല വലിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്, ജാമ്യത്തില്‍ വിട്ടു. ആറുമാസം തടവോ 1000 രൂപ പിഴയോ രണ്ടും ഒരുമിച്ചും ലഭിക്കാവുന്ന കുറ്റമാണ് ചങ്ങല വലിക്കല്‍.

Exit mobile version