വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി ‘കുമ്മനം’ മതി; ആവശ്യവുമായി മണ്ഡലം കമ്മറ്റി

പ്രവര്‍ത്തകരുടെ വികാരം ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചു.

തിരുവനന്തപുരം: ഒഴിഞ്ഞു കിടക്കുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി മണ്ഡലംകമ്മിറ്റി. പ്രവര്‍ത്തകരുടെ വികാരം ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ആദ്യപടിയായി പ്രവര്‍ത്തകരുടെ വികാരം ആരാഞ്ഞപ്പോഴാണ് ഭൂരിപക്ഷംപേരും കുമ്മനം മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് കഴിഞ്ഞ ദിവസമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ വികാരം അറിയാനെത്തിയത്. ആര് മത്സരിക്കണമെന്നത് മുന്‍ഗണനാക്രമത്തില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം സമിതിയിലെ ഇരുപത്താറ് അംഗങ്ങളില്‍ ഭൂരിപക്ഷവും കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ 50,709 വോട്ട് നേടിയപ്പോള്‍ ശശി തരൂര്‍ നേടിയത് 53, 545 വോട്ടായിരുന്നു. 2,836 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു ശശി തരൂരിന് ഉണ്ടായിരുന്നത്. ഈ പശ്ചാത്തലത്തില്‍ കുമ്മനത്തിന് ഏറെ സാധ്യതയാണെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍

കുമ്മനത്തെ കൂടാതെ വിവി രാജേഷ്, ജെആര്‍ പത്മകുമാര്‍, പികെ കൃഷ്ണദാസ് , കെ സുരേന്ദ്രന്‍ എന്നിവരുടെ പേരും ചിലര്‍ നിര്‍ദ്ദേശിച്ചുണ്ട്.

അതെസമയം, സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുന്ന അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് നവംബറില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. നവംബറില്‍ മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതോടൊപ്പം ഈ അഞ്ച് സീറ്റുകളിലും കൂടി ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

നിലവില്‍ ആറ് നിയോജക മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത്. പാലാ, മഞ്ചേശ്വരം, എറണാകുളം, അടൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളാണ് ഒഴിഞ്ഞു കിടക്കുന്നത്. അതില്‍ സിറ്റിംഗ് എംഎല്‍എമാരായിരുന്ന കെഎം മാണി മരണപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന പാലാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു. ബാക്കി വരുന്ന അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്താനുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ എംഎല്‍എമാര്‍ മത്സരിച്ച് ജയിച്ച് എംപിയായതിനെ തുടര്‍ന്നാണ് എറണാകുളം, അടൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലം ഒഴിഞ്ഞു കിടക്കുന്നത്. സിറ്റിംഗ് എംഎല്‍എയായിരുന്ന അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത്.

2018 ഒക്ടോബറില്‍ അബ്ദുള്‍ റസാഖ് മരണപ്പെട്ടെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അബ്ദുള്‍ റസാഖിനെതിരെ എതിര്‍സ്ഥാനാര്‍ത്ഥിയായ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നല്‍കിയ കേസ് നിലനിന്നതിനാല്‍ മഞ്ചേശ്വരത്ത് ഇത്രയും കാലം ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. കെ സുരേന്ദ്രന്‍ നല്‍കിയ കേസ് ഈ വര്‍ഷം ജൂലൈയിലാണ് പിന്‍വലിച്ചത്. കേസ് പിന്‍വലിച്ചതോടെ എറണാകുളം, അടൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടക്കും.

Exit mobile version