കൈകളില്ല, കാലുകൊണ്ട് ആരാധകന്റെ ചിത്രം വരച്ച് നല്‍കി പ്രണവ്; സെല്‍ഫിയെടുത്ത് സച്ചിന്‍, ഒപ്പം കൂടി ധനമന്ത്രിയും

മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ആലപ്പുഴ: അച്ഛന്റെയും അമ്മയുടെയും ഒപ്പം എത്തിയ പ്രണവിന്റെ മനസില്‍ ഒന്നു മാത്രമാണ് ഉണ്ടായിരുന്നത്. ആരാധനാ മൂര്‍ത്തിയായ സച്ചിന്‍ തെണ്ടുല്‍ക്കറെ കാണുക. ഒപ്പം കൈകളില്ലാതെ കാലുകളില്‍ വരച്ച അദ്ദേഹത്തിന്റെ ചിത്രം കൈമാറുക. ഈ ആഗ്രഹങ്ങള്‍ രണ്ടും സാധിച്ച് മനംനിറഞ്ഞാണ് പ്രണവ് മടങ്ങിയത്. സച്ചിനുമൊപ്പമുള്ള പ്രണവിന്റെ സെല്‍ഫിക്കൊപ്പം ധനമന്ത്രി തോമസ് ഐസക്കും കൂടിയതോടെ പ്രണവിന് ഇരട്ടി സന്തോഷമായി.

മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പാലക്കാട് ആലത്തൂര്‍ കാട്ടുശേരിയിലെ പ്രണവിന് (21) ജന്മനാ കൈകളില്ല. കാലുകള്‍ കൊണ്ടാണ് പ്രണവ് ചിത്രം വരയ്ക്കുന്നത്. കാലുകൊണ്ടു വരച്ച അക്രിലിക് ചിത്രമാണ് പ്രണവ് സച്ചിനു കൈമാറിയത്. സച്ചിന്‍ സിബിഎല്‍ ഉദ്ഘാടന വേദിയില്‍ പ്രണവ് വരച്ച തന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പതിനായിരക്കണക്കിനു കാണികളാണ് ആരവം മുഴക്കിയത്.

ജീവിതത്തില്‍ ഏറെ അനുഗ്രഹത്തോടെ മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്ന് ആശംസിച്ചാണു സച്ചിന്‍ പ്രണവിനോട് യാത്ര പറഞ്ഞത്. മന്ത്രി തോമസ് ഐസക്കിന്റെ ഓഫിസുമായി ബന്ധപ്പെട്ടാണ് സച്ചിന്‍ വിശ്രമിച്ച റിസോര്‍ട്ടിലെത്തി കാണാന്‍ സാധിച്ചത്.

ധനമന്ത്രി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

അച്ചനേയും അമ്മയെയും കൂട്ടി പ്രണവ് പാലക്കാട് നിന്നു സച്ചിനെ കാണാന്‍ വന്നതാണ്. ബി കോമിന് പഠിക്കുന്നു . ലേക്ക് പാലസ് റിസോര്‍ട്ടില്‍ സ്വീകരണ മുറിയില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. സച്ചിന്‍ ആലപ്പുഴയിലേക്ക് വരുന്നു എന്നു കാണിച്ചു ഞാന്‍ എഴുതിയ പലപോസ്റ്റുകളിലും സുഹൃത്തുക്കള്‍ പ്രണവിന് സച്ചിനെ കാണാന്‍ ഒരു അവസരം ഉണ്ടാക്കി കൊടുക്കണം എന്നു കമന്റ് ചെയ്തിരുന്നു. പ്രണവിന് ചില പ്രത്യേകതകള്‍ ഉണ്ട്. പ്രണവിന് രണ്ടു കയ്യും ഇല്ല , എല്ലാം കാല് കൊണ്ടാണ് ചെയ്യുന്നത്.

ചോദിക്കേണ്ട താമസം കാല് കൊണ്ട് അഭ്യാസങ്ങള്‍ പലതു കാട്ടി തന്നു, ചായ എടുത്തു കുടിച്ചു , പിന്നെ ഞാനുമായി ഒരു സെല്‍ഫി എടുത്തു. കാല്‍ കൊണ്ട് ഒന്നാംതരമായി വരയ്ക്കും, സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു പെന്‍സില്‍ സ്‌കെച്ച് വരച്ചു സച്ചിനെ കണ്ടു സമ്മാനമായി കൊടുക്കാന്‍ വന്നതാണ്. സച്ചിന്‍ തന്റെ പ്രസംഗ വേളയില്‍ തന്നെ ഗാഢമായി സ്പര്‍ശിച്ച ഒരു സംഭവം പറയാനുണ്ട് എന്നു പറഞ്ഞു തുടങ്ങിയപ്പോള്‍ പ്രണവിനെ കുറിച്ചാണ് പറയാന്‍ തുടങ്ങിയത് എന്നു ഞാന്‍ കരുതിയില്ല. പ്രണവിനെ കുറിച്ച് പറഞ്ഞു എന്നു മാത്രമല്ല പ്രണവ് സമ്മാനിച്ച ചിത്രം പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

പ്രണവിന് രണ്ടു മോഹങ്ങള്‍ ആണുള്ളത്. ഒന്ന്, വീട്ടില്‍ ദാരിദ്ര്യം ആണ് ഒരു ജോലി നേടണം. രണ്ട്, പ്രളയത്തെ കുറിച്ച് കുറെചിത്രങ്ങള്‍ വരച്ചിട്ടുണ്ട് . എവിടെയെങ്കിലും ഒരു പ്രദര്‍ശനം സംഘടിപ്പിച്ച് വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം. മുഖ്യമന്ത്രിയോട് ഞാന്‍ പ്രണവിനെ കുറിച്ച് പറഞ്ഞു . അദ്ധേഹത്തിനും അറിയാം പ്രണവിനെ , ഒരിക്കല്‍ പാലക്കാട് വച്ച് കണ്ടിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു. പ്രണവ് വരച്ച കാലുകള്‍ കൊണ്ട് മറ്റ് ചില ചിത്രങ്ങള്‍ ഇന്ന് പ്രണവ് എനിക്ക് ഇ-മെയില്‍ ചെയ്തിരുന്നു. അവ കൂടി പുതുതായി ചേര്‍ത്തിട്ടുണ്ട്.

Exit mobile version