വയനാട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണം; പുതിയഭൂമി കണ്ടെത്തിയതോടെ ആദ്യം തെരഞ്ഞെടുത്ത ഭൂമിയിലുണ്ടാക്കിയ പരിസ്ഥിതിനാശം വിവാദമാവുന്നു

വയനാട്: വയനാട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ പുതിയ ഭൂമി കണ്ടെത്തിയതോടെ ആദ്യത്തെ ഭൂമി വിഷയം വിവാദമാവുന്നു. ആദ്യം കണ്ടെത്തിയ ഭൂമി സര്‍ക്കാരിന് കൈമാറുന്നതിന് മുന്‍പ് കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ മുറിച്ചുമാറ്റിയെന്നും ഇത് മറ്റൊരു ദുരന്തത്തിന് കാരണമാകുമെന്നുമാണ് ആരോപണം.

2015ലാണ് മടക്കിമലയിലെ 50 ഏക്കര്‍ എസ്റ്റേറ്റ് ഭൂമി സര്‍ക്കാരിന് സൗജന്യമായി ലഭിച്ചത്. ഇവിടെ റോഡ് നിര്‍മ്മാണത്തിനും മറ്റു വികസനത്തിനുമായി വലിയ തുകയാണ് സര്‍ക്കാര്‍ ചിലവിട്ടത്. മാത്രമല്ല വ്യവസ്ഥ പ്രകാരം ഭൂമിയില്‍ നിന്നും ഉടമ നൂറ് കണക്കിന് മരങ്ങളാണിവിടെനിന്ന് മുറിച്ചുമാറ്റിയത്. ഇപ്പോള്‍ പ്രദേശം മണ്ണിടിച്ചിലടക്കമുള്ള പരിസ്ഥിതി ഭീഷണി നേരിടുന്നു.

പുതുതായി കണ്ടെത്തിയ സ്ഥലത്ത് തന്നെയാകും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുക. മടക്കിമലയില്‍ ഇപ്പോഴുണ്ടായ പരിസ്ഥിതി നാശവും സാമ്പത്തികനഷ്ടവും എങ്ങിനെ പരിഹരിക്കുമെന്ന് സര്‍ക്കാരിനും വ്യക്തമല്ല. ആരോഗ്യവകുപ്പിന് നേരത്തെ കൈമാറിയ ഈ ഭൂമി ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് സ്ഥലം എംഎല്‍എ അറിയിച്ചു.

Exit mobile version